തിരുവനന്തപുരം:തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായി സംസ്ഥാനത്തെ അഞ്ചു തെക്കൻ ജില്ലകളിൽ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് തുടങ്ങിയത്. ചില ബൂത്തുകളിൽ രാവിലെ തന്നെ കൊറോണ പ്രോട്ടോക്കോൾ പാലിച്ച് ക്യൂരൂപപ്പെട്ടു കഴിഞ്ഞു.
395 തദ്ദേശ സ്ഥാപനങ്ങളിലെ 6910 വാർഡുകളിലേക്ക് 88,26,873 വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴിന് തുടങ്ങിയ പോളിംഗ് വൈകീട്ട് ആറുവരെ തുടരും. ഇന്നലെ വൈകുന്നേരം മൂന്നിനുശേഷം കൊറോണ സ്ഥിരീകരിച്ചവർക്കും ക്വാറന്റീനിലായവർക്കും പിപിഇകിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറുമണി മുതൽ വോട്ടുചെയ്യാൻ അവസരമുണ്ട്.
ആകെ വോട്ടർമാരിൽ 41,58,395 പുരുഷന്മാരും 46,68,267 സ്ത്രീകളും 61 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് ഒന്നാംഘട്ടത്തിലുള്ളത്. 150 പ്രവാസി ഭാരതീയരുമുണ്ട്. 42,530 പേർ കന്നിവോട്ടർമാരാണ്.
വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിനു സമാപിക്കും. ബാക്കി നാലു ജില്ലകളിൽ 14-നാണ് തിരഞ്ഞെടുപ്പ്.