ഹൈദരാബാദ്: കോൺഗ്രസിൽ നിന്നും രാജിവച്ച തെലുങ്ക് സിനിമതാരം വിജയശാന്തി ബിജെപിയിൽ ചേരും. ഇന്ന് വിജയശാന്തി ഡെൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി. ബിജെപി തെലങ്കാന അദ്ധ്യക്ഷൻ ബന്ധി സഞ്ജയ് കുമാർ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി എന്നിവർ വിജയശാന്തിയുടെ അമിത് ഷായുമായുള്ള കൂടികാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.
തിങ്കളാഴ്ച ബിജെപി ആസ്ഥാനത്ത് ഇവർ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വിജയശാന്തി കോൺഗ്രസിൽ നിന്നും രാജിവച്ചത്. പ്രദേശിക കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതായി നേരത്തെ നടി വ്യക്തമാക്കിയിരുന്നു.
എന്നാൽ തെലങ്കാനയിൽ കോൺഗ്രസ് എല്ലാതരത്തിലും ക്ഷീണിച്ചതോടെ കഴിഞ്ഞ കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നും വിജയശാന്തി വിട്ടുനിൽക്കുകയായിരുന്നു. 1990 കളിൽ ബിജെപിയിൽ തന്നെയാണ് വിജയശാന്തി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടർന്ന് ഇവർ തെലുങ്കാന രാഷ്ട്ര സമിതിയിലേക്ക് ചേക്കേറി. പിന്നീട് കോൺഗ്രസിനൊപ്പം ചേർന്നു.
വിജയശാന്തിയുടെ ‘ രാഷ്ട്രീയ മാറ്റം നേരത്തെ വാർത്തകളിൽ നിറഞ്ഞതാണ്. ഹൈദരാബാദ് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ദയനീയ പ്രകടനം ഇവരുടെ കോൺഗ്രസിൽ നിന്നുള്ള രാജിക്ക് രാഷ്ട്രീയ കാരണമാകുകയായിരുന്നു.