കണ്ണൂര്: പാലത്തായി പീഡനക്കേസ് അന്വേഷണം കൂടുതൽ വഴിത്തിരിവിലേക്ക്. കൂടുതൽ അന്വേഷണത്തിനായി
അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകൾ ഫൊറൻസിക് പരിശോധനയ്ക്ക് കൊണ്ടുപോയി. അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പദ്മരാജന്റെ ഭാര്യ തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്കുകയും ചെയ്തു.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണം ഏറ്റെടുത്ത തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വേറിട്ട അന്വേഷണമാണ് തുടങ്ങിയത്. സ്കൂളിലെത്തിയ സംഘം ശാസ്ത്രീയ തെളിവുകളുണ്ടോ എന്നാണ് പരിശോധിച്ചത്.
കുട്ടികളുടെ ശുചിമുറിയിൽ നിന്നല്ല, അധ്യാപകർ ഉപയോഗിക്കുന്ന ശുചിമുറിയിൽ വച്ചാണ് പീഡനം നടന്നതെന്ന് കുട്ടി രണ്ടാമത് മൊഴി മാറ്റി നൽകിയിരുന്നു. കൊളുത്തുള്ള ഈ ശുചിമുറിയിലെ ടൈലുകളിൽ ചോരക്കറ ഫൊറൻസിക് സംഘം കണ്ടെത്തി. ഈ ടൈലുകൾ ഇളക്കി മാറ്റി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ രക്തസാമ്പിളും അന്വേഷണ സംഘം ശേഖരിക്കുകയും ചെയ്തു.
കണ്ണൂർ പാനൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ കൂടിയായ പത്മരാജൻ സ്കൂളിൽവെച്ചും പുറത്തുവെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. തുടക്കം മുതൽ അന്വേഷണം ഇഴഞ്ഞുനീങ്ങിയ കേസിൽ ജനകീയ ഇടപെടലിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, പോക്സോ ഒഴിവാക്കി നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കുറ്റപത്രം സമർപ്പിച്ചതിലൂടെ പ്രതി ജാമ്യത്തിലിറങ്ങി. കേസിന്റെ മേൽനോട്ട ചുമതലയുള്ള ഐ.ജി എസ് ശ്രീജിത്ത് ഇരയെ അധിക്ഷേപിച്ചും പ്രതിക്ക് അനുകൂലമായും നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നത് വലിയ വിവാദമായിരുന്നു.