വീണ്ടും ഭീതി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ചുഴലി; ഇന്ത്യൻ തീരത്തെ നാലാമത്തെ ഭീകരൻ ഏതുവഴിപോകും?; സഞ്ചാര പാതയില്‍ അവ്യക്തത

തിരുവനന്തപുരം: തെക്കേ ഇന്ത്യ വീണ്ടും. ചുഴലിക്കാറ്റിൻ്റെ ഭീതിയിൽ. തുടർച്ചയായി വരുന്ന ചുഴലിക്കാറ്റുകൾ കേരളത്തിൽ ഭീതി വിതി വിതയ്ക്കുന്നു. കേരളത്തിന് ഭീഷണിയായി എത്തുന്ന ബുറേവി ചുഴലിക്കാറ്റ് ലോകത്ത് ഈ വര്‍ഷം രൂപപ്പെടുന്ന 97മത്തെ ചുഴലിക്കാറ്റാണെന്ന് ലോക കാലാവസ്ഥ സംഘടനയുടെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം നംബര്‍ 17 വരെ 96 ചുഴലിക്കാറ്റുകള്‍ ലോകത്ത് രൂപപ്പെട്ടതായി ഡബ്യുഎംഒ വ്യക്തമാക്കി. ഇത് ലോക റെക്കോര്‍ഡാണ്.

ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ചുഴലി

ഇന്ത്യന്‍ തീരത്ത് ഈ വര്‍ഷം നാല് ചുഴലികളാണ് രൂപ്പെട്ടത്. മെയില്‍ രൂപപ്പെട്ട ഉംപുന്‍ ഒഡീഷ തീരത്ത് കനത്ത നാശം വിതച്ചാണ് അടങ്ങിയത്. നിസര്‍ഗ, ഗതി, നിവാര്‍ എന്നിവയാണ് ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി ഈവര്‍ഷം രൂപമെടുത്ത ചുഴലികള്‍. തമിഴ്‌നാട്ടില്‍ വന്‍ നാശനഷ്ടമുണ്ടാക്കുമെന്ന് കരുതിയ നിവാര്‍ ചുഴലിക്കാറ്റ് വന്നുപോയി ഒരാഴ്ച തികുയുമ്പോഴാണ് ബുറേവി എത്തുന്നത്. മാലദ്വീപാണ് ബുറേവിക്ക് പേര് നല്‍കിയിരിക്കുന്നത്. പവിഴപ്പുറ്റുകള്‍ക്ക് ഇടയില്‍ വളരുന്ന ഒരുതരം കണ്ടല്‍ച്ചെടിയുടെ പേരാണ് ബുറേവി.

സഞ്ചാരപാതയെക്കുറിച്ച് അവ്യക്തത

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമര്‍ദം ചൊവ്വാഴ്ചയാണ് ചുഴലിക്കാറ്റായി മാറിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ ശക്തമാകുന്ന ബുറേവിയുടെ സഞ്ചാര പാതയെക്കുറിച്ച ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. തൂത്തുക്കുടി തീരത്ത് ഇന്നലെ രാത്രി എത്തിയ ചുഴലി, രണ്ടുവഴിക്ക് സഞ്ചരിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. തെക്കോട്ട് വഴിമാറി നാഗര്‍കോവില്‍, കന്യാകുമാരി വഴിയാണ് ഇതിലൊന്ന്. ഇത് മുന്‍പ് ഓഖി കൊടുങ്കാറ്റ് വന്ന വഴിയാണ്.

എന്നാല്‍ തൂത്തുക്കുടിയില്‍ കരകയറുന്നതിനിടെ കടലില്‍ നിന്ന് കൂടുതല്‍ ജലം സംഭരിച്ച് കരുത്താര്‍ജിച്ചാല്‍ തെങ്കാശി, കൊല്ലം ജില്ലകളുടെ മുകളിലൂടെ സഞ്ചരിക്കുമെന്നും വിലയിരുത്തലുണ്ട്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 43 വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ജാഗ്രതാ നിര്‍ദേശം

ഡിസംബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.