കൊച്ചി: ഡോളർക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ പ്രതിചേർത്തു. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോൾ ശിവശങ്കറിന്റെ അറിവോടെ ഡോളർ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ മൊഴി നൽകിയിരുന്നു. പണം വിദേശത്ത് നിക്ഷേപിക്കാൻ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസിലെ 23ആം പ്രതിയായ ശിവശങ്കറിനെതിരെയുള്ള കസ്റ്റംസിന്റെ രണ്ടാമത്തെ കേസാണ് ഇത്.
ഇന്ത്യൻ കറൻസി ഡോളറാക്കി മാറ്റാൻ ശിവശങ്കറിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. എന്നാൽ, സ്വപ്നയുടെ മൊഴികൾ ശിവശങ്കർ നിഷേധിക്കുകയാണ്. ഡോളർക്കടത്തിലും തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്.
അതേസമയം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന പദവി മറയാക്കി എം ശിവശങ്കർ നടത്തിയ പ്രവർത്തനങ്ങളിലേക് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് നീക്കം. ചില കസ്റ്റംസ് ഉദ്യോഗസ്ഥരെയും ശിവശങ്കറുമായി അടുപ്പമുണ്ടായിരുന്ന മറ്റ് ചിലരെയും ചോദ്യം ചെയ്യും. അന്വേഷണത്തിൻ്റെ ഏറ്റവും പുതിയ ഘട്ടത്തിൽ ലഭിച്ച ചില നിർണായക വിവരങ്ങൾ സ്വർണക്കടത്തിന് പിന്നിലെ സംഘങ്ങളുമായി ശിവശങ്കറിന് നിരന്തര ബന്ധം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ്.
നയതന്ത്ര പാർസലിന്റെ മറവിൽ വിമാനത്താവളത്തിൽ എത്തിയ സ്വർണം വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കർ വിളിച്ചിരുന്നു എന്ന് നേരത്തേ വ്യക്തമായിരുന്നു. സ്വപ്നയടക്കമുള്ളവരുടെ മൊഴികൾ ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ്. കഴിഞ്ഞ ഏപ്രിലിൽ കുപ്പിവെള്ളം എന്ന പേരിൽ കൊച്ചിയിലെത്തിയ കാർഗോ ശിവശങ്കറിൻറ ഇടപെടലിനെത്തുടർന്ന് പരിശോധനയില്ലാതെ വിട്ടുകൊടുത്തതായി മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻറ വെളിപ്പെടുത്തലും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.