മിന്നൽപരിശോധനയ്ക്ക് വിജിലൻസിന് അധികാരമുണ്ട്; കെഎസ്എഫ്ഇ റെയ്ഡിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ് നടത്തുന്നത്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തും. കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇപ്പോൾ നടന്നത് ആദ്യത്തെ വിജിലൻസ് പരിശോധനയല്ലെന്നും മുൻപും പരിശോധന നടന്നിട്ടുണ്ടെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി അവയോരോന്നും അക്കമിട്ട് നിരത്തി. വിജിലൻസ് പരിശോധനയെന്നാൽ ഉടൻ നടപടിയെന്നല്ല അർഥമെന്നു മുഖ്യമന്ത്രി പറ‍ഞ്ഞു. പരിശോധനാ റിപ്പോർട്ട് സർക്കാരിന് അയച്ചു തരും. സർക്കാരാണ് നടപടി സ്വീകരിക്കണ്ടത്. മിന്നൽ പരിശോധന നടത്താൻ വിജിലൻസിന് അധികാരമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎസ്എഫ്ഇ ഓഫിസുകളിൽ ചില പോരായ്മകൾ ഉണ്ടെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. അതു കെഎസ്എഫ്ഇയുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്ന ആശങ്ക വിജിലൻസിന് ഉണ്ടായി. ഒക്ടോബർ 19നു മലപ്പുറം വിജിലൻസ് സെൽ ഡിവൈഎസ്പി ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ 27ന്, മിന്നൽ പരിശോധന നടത്തുന്നതാണ് നല്ലതെന്നു കാട്ടി വിജിലൻസ് എസ്‌പി സോഴ്സ് റിപ്പോർട്ട് ആസ്ഥാനത്തേക്ക് അയച്ചു. ആസ്ഥാനം ഇത് പരിശോധിച്ചശേഷം നവംബർ 10നു വിജിലൻസ് ഡയറക്ടർ ഉത്തരവ് പരിശോധനയ്ക്ക് അനുമതി നൽകി. 40 കെഎസ്എഫ്ഇ ശാഖകളിൽ പരിശോധന നടത്തി. ഇതിന്റെ റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് വിശദമായ റിപ്പോർട്ട് സർക്കാരിന്റെ നടപടിക്കായി അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോർട്ട് ശരിയാണെന്നു കണ്ടാൽ യൂണിറ്റ് മേധാവി സോഴ്സ് റിപ്പോർട്ട് തയാറാക്കി എസ്പി വഴി വിജിലൻസ് ആസ്ഥാനത്തേക്ക് അയയ്ക്കും. മിന്നൽ പരിശോധനയ്ക്കു തീയതി നിശ്ചയിച്ച് വിജിലൻസ് ഡയറക്ടർ അനുമതി നൽകും. പുറത്തുള്ള വകുപ്പിലെ ഉദ്യോഗസ്ഥനും വിജിലൻസ് ഉദ്യോഗസ്ഥനും ജോയിന്റ് മഹസർ തയാറാക്കും. തുടർ പരിശോധന നടത്തി റിപ്പോർട്ട് വിജിലൻസ് ആസ്ഥാനത്ത് സമർപിക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി, കേസെടുക്കൽ തുടങ്ങിയവ നടത്തും. സ്ഥാപനത്തിൽ മാറ്റേണ്ട കാര്യങ്ങളിൽ സർക്കാരിനു ശുപാർശകൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.