ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വിവാദം കനക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ സഹോദരിയുടെ ചെറുമകനും നിലവിൽ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എൻ ആർ സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സന്തോഷ് മറ്റ് പാർട്ടികളിൽ നിന്നും എംഎൽമാരെയെത്തിച്ച് യെദ്യൂരപ്പ സർക്കാർ രൂപീകരിക്കുന്നതിലടക്കം നിർണായക പങ്കുവഹിച്ചയാളാണ്. ബിജെപിയിലെ ചില നേതാക്കളിൽ ചിലർ യെദ്യൂരപ്പയുടെ ബന്ധുകൂടിയായ എൻ ആർ സന്തോഷിനെ മാസങ്ങളായി ഭീഷണിപ്പെടുത്തുകയാണെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ ആരോപിച്ചു.
സന്തോഷ് ഒരു വീഡിയോ സംസ്ഥാന ബിജെപിയിലെ ചില നേതാക്കൾക്ക് നൽകിയെന്നും ഇത് കേന്ദ്ര നേതൃത്ത്വത്തിന്റെ കൈയ്യിലെത്തിയെന്നും ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഈ വീഡിയോ ഉപയോഗിച്ച് ചിലർ സന്തോഷിനെ മാസങ്ങളായി ഭീഷണിപ്പെടുത്തുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കർണാടക പിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടു.
2017ൽ പാർട്ടിയിൽ യെദ്യൂരപ്പയുമായി ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാക്കളിൽ ഒരാളായ കെ എസ് ഈശ്വരപ്പയുടെ പേഴ്സണൽ സ്റ്റാഫംഗത്തെ തട്ടിക്കൊണ്ടു പോയ കേസിൽ സന്തോഷിന്റെ പേര് നേരത്തെ ഉയർന്നു വന്നിരുന്നു. തുടർന്ന് സന്തോഷിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും മറ്റ് നടപടികളുണ്ടായില്ല.
യെദ്യൂരപ്പയുടെ മാധ്യമ ഉപദേഷ്ടാവും , മറ്റൊരു പൊളിറ്റിക്കൽ സെക്രട്ടറിയും ആഴ്ചകൾക്ക് മുൻപ് രാജിവച്ചിരുന്നു. ചികിത്സ പൂർത്തിയാക്കി മടങ്ങവേ ആരോപണങ്ങൾ സന്തോഷ് നിഷേധിച്ചു. ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും ഉറക്ക ഗുളിക അബദ്ധത്തിൽ കഴിച്ചതാണെന്നുമാണ് സന്തോഷിന്റെ വിശദീകരണം.