കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ട് സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രാഥമിക പരിശോധനയിലാണ് രവീന്ദ്രനുമായി ബന്ധപ്പെട്ട ഇടപാട് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ അടുത്തദിവസം കൊച്ചി യൂണിറ്റിന് റിപ്പോര്‍ട്ട് കൈമാറും.
രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് പരാതി ഉയര്‍ന്ന വടകര, ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഇരുപത്തി നാല് സ്ഥാപനങ്ങളിലാണ് ഇഡി പരിശോധിച്ചത്. ഇതില്‍ പന്ത്രണ്ടെണ്ണത്തില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇലക്ട്രോണിക്സ് സ്ഥാപനം, മൊബൈല്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ്, ടൂറിസ്റ്റ് ഹോം, വസ്ത്രവില്പന കേന്ദ്രം തുടങ്ങിയ ഇടങ്ങളിലാണ് പങ്കാളിത്തം.
രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഇതിന്റെ രേഖകളും കൂടുതല്‍ പരിശോധനകളും നടത്തി വ്യാപ്തി ഉറപ്പാക്കുക. നിലവില്‍ നടത്തിപ്പുകാരില്‍ നിന്ന് ഇഡി വിവരം ശേഖരിക്കുക മാത്രമാണുണ്ടായത്. രവീന്ദ്രന് വലിയ അളവില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ആദ്യദിവസം വടകരയിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലുമായിരുന്നു ഇഡിയുടെ പരിശോധന.
രവീന്ദ്രന്റെ വീട് കേന്ദ്രീകരിച്ചുള്ള പരിശോധന ഉടനുണ്ടാകില്ല. കോഴിക്കോട് യൂണിറ്റിന്റെ കണ്ടെത്തല്‍ അടുത്തദിവസം കൊച്ചിയ്ക്ക് കൈമാറും. ചോദ്യം ചെയ്യിലിന് ഹാജരാകാന്‍ വൈകുന്നതിനാല്‍ രവീന്ദ്രനെ പരമാവധി സമ്മര്‍ദ്ധത്തിലാക്കാനുള്ള ഇഡിയുടെ ശ്രമമെന്നാണ് വിലയിരുത്തല്‍.