തിരുവനന്തപുരം: കെ.എസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് വലിയ ക്ഷീണമുണ്ടാക്കിയ സാഹചര്യത്തിൽ സമാന്തര പരിശോധനയുമായി ധനവകുപ്പ്. റെയ്ഡ് നടന്ന 36 ശാഖകളിലും എന്താണ് നടന്നതെന്ന് പരിശോധിക്കാൻ ധനവകുപ്പ് കെ.എസ്.എഫ്.ഇക്ക് നിർദേശം നൽകി. വിജിലൻസ് കണ്ടെത്തലിൽ വസ്തുതയുേണ്ടായെന്നതാകും പരിശോധന. ഇന്ന് തന്നെ വിവരങ്ങൾ സമാഹരിച്ച് ലഭ്യമാക്കാനാണ് നിർദേശം.
കള്ളപ്പണം വെളുപ്പിക്കുന്നു, ട്രഷറിയിൽ പണം നിക്ഷേപിക്കാതെ ചിട്ടി രജിസ്റ്റർ ചെയ്യുന്നു, ജീവനക്കാരുടെ ബിനാമി പേരുകളിൽ ചിട്ടി രജിസ്റ്റർ ചെയ്യുന്നു, സ്വർണപ്പണയ ഉരുപ്പടികൾക്ക് സുരക്ഷയില്ല തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് വിജിലൻസ് പറയുന്നത്. ഇത് പൂർണമായും ധനവകുപ്പ് തള്ളുന്നു. വിജിലൻസിെൻറ എല്ലാ വാദവും തള്ളുന്ന റിപ്പോർട്ടാകും കെ.എസ്.എഫ്.ഇ ധനവകുപ്പിന് നൽകുക.
സ്വന്തം റിപ്പോർട്ടിൽ കണ്ടെത്തുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസിനെ നേരിടാനാകും ധനവകുപ്പ് ശ്രമം. വിവാദത്തിെൻറ വെളിച്ചത്തിൽ കണ്ടെത്തലുകളെ കുറിച്ച് വാർത്തകുറിപ്പിറക്കാൻ വിജിലൻസ് തയാറായിട്ടില്ല. അന്തിമ റിപ്പോർട്ട് നൽകുേമ്പാൾ കണ്ടെത്തൽ പൂർണമായി ഉൾപ്പെടുത്തുമോ എന്നുപോലും വ്യക്തമല്ല. സുതാര്യമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെ.എസ്.എഫ്.ഇ എന്നാണ് ധനവകുപ്പ് നിലപാട്.
വിജിലൻസ് അന്വേഷണത്തിന് പിന്നിലുള്ള ശക്തികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.എഫ്.ഇയിലെ സി.െഎ.ടി.യു സംഘടനകളുടെ നേതാക്കളായ എസ്. മുരളീകൃഷ്ണപിള്ളയും ജി. തോമസ് പണിക്കരും ധനമന്ത്രിക്ക് കത്ത് നൽകി. തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പാൾ അന്വേഷണവും തുടർവാർത്തകളും ദുരൂഹത ഉയർത്തുന്നു.
ക്ഷേമ പ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന സർക്കാർ ഏജൻസികൾക്ക് മുകളിൽ കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറക്കുന്ന സമയത്ത് കെ.എസ്.എഫ്.ഇക്കെതിരെ വിജിലൻസ് വന്നത് യാദൃശ്ചികമല്ല. കൊറോണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസകരമായ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കെയാണ് ഇത്തരമൊരു അന്വേഷണം.