കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; ജിദ്ദയിൽ നിന്നെത്തിയ തിരൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താളവത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണം പിടികൂടി. ജിദ്ദയിൽ സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ തിരൂർ സ്വദേശി ഉനൈസാണ് പിടിയിലായത്.

ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശിയ നിലയിലാണ് സ്വർണങ്ങൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉനൈസിനെ പിടികൂടിയത്.

ഇന്നലെയും കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. സ്‌ക്രൂ രൂപത്തിൽ പവർ എക്സ്റ്റൻഷൻ ഉപകരണത്തിൽ ഘടിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ഇവർ ശ്രമിച്ചത്. 364 ഗ്രാം സ്വർണമാണ് ഇന്റലിജൻസ് പിടിച്ചെടുത്തത്. 18 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.