കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിലൂടെ ദളിത് വിഭാഗങ്ങളുടെ മുന്നേറ്റമുണ്ടാകണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ദളിത് വിഭാഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാൻ കത്തോലിക്കാ സഭ എന്നും അവർക്കൊപ്പമുണ്ടാകുമെന്ന് മാർ ആലഞ്ചേരി പറഞ്ഞു.
സർവകലാശാല തലത്തിൽ കഴിഞ്ഞ അധ്യായന വർഷത്തിൽ റാങ്ക് ജേതാക്കളായ സീറോമലബാര്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളെ മൗണ്ട് സെന്റ് തോമസില്‍ അനുമോദിച്ച് പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ. ഉന്നത വിദ്യാഭ്യാസത്തിലൂടെ ദളിത് സമുദായത്തിന്റെ ഉന്നമനമെന്ന ഉദ്ദേശ്യത്തോടെ സ്ഥാപിതമായിരിക്കുന്ന സീറോമലബാർ ദളിത് വികാസ് സൊസൈറ്റി (എസ് ഡി വി എസ് ) യാണ് അനുമോദനസമ്മേളനം ഒരുക്കിയത്.
മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും എം കോമിൽ ഒന്നാം റാങ്ക് നേടിയ സൂര്യ വർഗീസ്, ബി എസ് സി ജിയോളജിയിൽ രണ്ടാം റാങ്ക് നേടിയ അഞ്ജന, ബി എ ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ ജിബിൻ എന്നിവരാണ് പുരസ്കാരങ്ങളും ക്യാഷ് അവാർഡുകളും ഏറ്റുവാങ്ങിയത്.
എസ് ഡി വി എസ് പ്രസിഡന്റ് മാര്‍ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കെസിബിസി ദളിത് കമ്മീഷൻ ചെയർമാൻ മാര്‍ ജേക്കബ് മുരിക്കൻ, വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ്, ഫാ. ഷാജ്കുമാർ, ജെയിംസ് ഇലവുങ്കൽ സെക്രട്ടറി ഫാ. സിജു അഴകത്ത് എം എസ് റ്റി, ഫാ. ജോസഫ് തോലാനിയ്ക്കല്‍, സിസ്റ്റർ നമ്രത, സിസ്റ്റർ നയന, സിസ്റ്റർ അൻസ തുടങ്ങിയവര്‍ പ്രസംഗിച്ചു.