സ്വപ്നയുടെ ശബ്ദരേഖ; ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: കസ്റ്റഡിയിലായതിനാല്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കിയതോടെ സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍.
അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സ്വപ്നയുടെ ശബ്ദരേഖ പ്രചരിച്ചതില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറിന്‍റെ പരാതിയില്‍ നടക്കുന്ന അന്വേഷണമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. ശബ്ദരേഖയുടെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കുന്നതിനൊപ്പം സ്വപ്നയുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നത്.

എന്നാല്‍ സ്വപ്ന നിലവില്‍ കസ്റ്റംസ് കസ്റ്റഡിയിലാണ്. ക്രൈംബ്രാഞ്ചിന് വേണ്ടി ജയില്‍ വകുപ്പാണ് മൊഴിയെടുക്കാന്‍ അനുതി തേടി കസ്റ്റംസിനെ സമീപിച്ചിരുന്നത്. കസ്റ്റഡിയിലായതിനാല്‍ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് കസ്റ്റംസ് മറുപടി നല്‍കി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയെ അന്വേഷണസംഘം സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്.

മൊഴിയെടുക്കാന്‍ നേരത്തെ എന്‍ഐഎ കോടതിയുടെ അനുമതി അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. മൊഴിയെ സംബന്ധിച്ച് സ്വപ്നയുടെ നിലപാട് നിര്‍ണ്ണായകമായതിനാല്‍, അനുമതി ലഭിക്കാത്തത് അന്വേഷണം മുന്നോട്ട് പോകുന്നതിന് തിരിച്ചടിയായി.