സ്വർണക്കള്ളക്കടത്ത്; ശിവശങ്കറിനെയും സ്വപ്നയെയും സരിത്തിനെയും ഒന്നിച്ച് ചോദ്യം ചെയ്യും; കസ്റ്റംസിൻ്റെ നിർണായക നീക്കം

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിൽ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു തുടങ്ങി. ഇന്നലെ വൈകിട്ടാണ് ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിലെത്തിച്ചത്. രാത്രി 12 മണിയോടെ സ്വപ്ന സുരേഷിനേയും സരിതിനെയും കൊച്ചി ഓഫീസിൽ എത്തിച്ചിട്ടുണ്ട്.

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് കസ്റ്റംസ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയത്. മൂവരെയും ഒരുമിച്ച് ചോദ്യം ചെയ്ത് കള്ളക്കടത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടാനാണ് കസ്റ്റംസ് നീക്കം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ഈ ചോദ്യം ചെയ്യലിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

അതേസമയം, സ്വർണക്കടത്ത് കേസിലെ കൂടുതൽ പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കെ ടി റമീസ്, എ എം ജലാൽ, മുഹമ്മദ് ഷാഫി എന്നിവരെയാണ് മാറ്റിയത്. കൊഫെപോസ ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി. കസ്റ്റഡി അവസാനിച്ച ശേഷം സരിത്തിനേയും പൂജപ്പുരയിലേക്ക് മാറ്റും.