കൊച്ചി: സ്ത്രീകളുടെയും കുട്ടികളുമടക്കം യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട് പൊതുഗതാഗത വാഹനങ്ങളിൽ നടപ്പാക്കിത്തുടങ്ങിയ ജിപിഎസ് സംവിധാനത്തിലും കൃത്രിമം നടത്തുന്നതായി കണ്ടെത്തൽ. ഇതിനെതിരേ ശക്തമായ നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇനിയും ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് അന്ത്യശാസനം നൽകാനും തീരുമാനം.
മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം സ്ത്രീകളുടെയും കുട്ടികളുമടക്കം യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടാണ് വാഹനങ്ങളിൽ ജിപിഎസ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. ജിപിഎസിൻ്റെ ഭാഗമായി വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സംവിധാനവും എമർജൻസി ബട്ടണും ജനുവരി ഒന്ന് മുതൽ ബന്ധപ്പെട്ട എല്ലാ വാഹനങ്ങളിലും ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ഗതാഗത സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
13 സീറ്റിൽ കൂടുതലുള്ള വിനോദ സഞ്ചാര വാഹനങ്ങൾ, സ്കൂൾ ബസുകൾ, വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ, കെഎസ്ആർടിസി-സ്വകാര്യ ബസുകൾ, ചരക്ക് വാഹനങ്ങൾ, ടാക്സികൾ എന്നിവയിലാണ് സംവിധാനം ഘടിപ്പിക്കേണ്ടത്. ചരക്ക് വാഹനങ്ങൾക്ക് ഡിസംബർ വരെ സാവകാശം അനുവദിച്ചിരുന്നു.
ഇതര വിഭാഗങ്ങളിലെ 80,000 ഓളം വാഹനങ്ങളിൽ ഇതിനകം നടപ്പാക്കി. 90 ശതമാനത്തിലധികം സ്കൂൾ വാഹനങ്ങളിലും ഘടിപ്പിച്ചു. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നും നിർദേശമുണ്ട്.