പോത്തൻകോട്ട് കൂടുതൽ പേർക്ക് പരിശോധന; പൊതു സ്ഥലങ്ങൾ അണു മുക്തമാക്കും

തിരുവനന്തപുരം:പോത്തൻകോട്ട് റിട്ട. എഎസ്ഐ കൊറോണ ബാധിച്ച് മരിച്ച സാഹചര്യത്തിൽ പോത്തൻകോടും സമീപ പ്രദേശങ്ങളിലും കർശനമായ മുൻകരുതൽ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതിന് വിശദമായ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യ വ്യാപനം നടന്നോയെന്ന് അറിയുന്നതിനും അതിനുള്ള സാധ്യതകൾ തടയുന്നതിനും സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ പറഞ്ഞു. ഇവിടത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു തഹസീൽദാറെ ചുമതലപ്പെടുത്തി. മേഖലയിലെ എല്ലാ ആളുകളും അവരവരുടെ വീടുകളിൽ തന്നെ കഴിയണം. പൊതുസ്ഥലങ്ങൾ അണു മുക്തമാക്കുന്നതിന് ഫയർഫോഴ്‌സിന്റെ സഹായത്തോടെ നടപടി സ്വീകരിക്കും. കുടുംബശ്രീയുടെ സഹായത്തോടെ റേഷൻ വീടുകളിൽ എത്തിക്കാൻ തീരുമാനിച്ചു. റേഷൻ വീടുകളിൽ എത്തിക്കുന്നതിന് ഈ നമ്പരുകളിൽ ബന്ധപ്പെടാം 0471 27304 21, 9188527551, 8281573442. പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ അറിയിക്കാൻ മൈക്ക് അനൗൺസ്മെന്റ് നടത്തും. കൂടുതൽസംശയ നിവാരണത്തിന് 1077 എന്ന നമ്പരിൽ വിളിക്കാം.