കൊച്ചി: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്നോട്ടുവയ്ക്കുന്നത് 2019 ഏപ്രിലില്‍ സ്വപ്‌ന സുരേഷ് അദ്ദേഹത്തിനയച്ച വാട്ട്‌സ്ആപ്പ് സന്ദേശം.
യുഎഇ കോണ്‍സുലേറ്റിലേക്കായി എത്തിയ ബാഗേജ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ചുവച്ചപ്പോഴാണു സ്വപ്‌ന പരിഭ്രാന്തയായി ശിവശങ്കറിനു സന്ദേശമയച്ചത്. ”ഇറ്റ് ഈസ് ഡിപ്ലോമാറ്റിക് ബാഗേജ്. ഐ വില്‍ ലൂസ് മൈ ജോബ്. ഇറ്റ് ഈസ് വെരി സീരിയസ്” (അതു നയതന്ത്ര ബാഗേജാണ്. എന്റെ ജോലി പോകും. വിഷയം വളരെ ഗുരുതരമാണ്.) എന്നായിരുന്നു സന്ദേശം.
അന്നത്തെ ബാഗേജില്‍ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ജോലി പോകുമെന്നു സ്വപ്‌ന ആശങ്കപ്പെടുമായിരുന്നില്ലെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. അതിനുള്ളില്‍ സ്വര്‍ണം ഉണ്ടായിരുന്നിരിക്കണം. അന്നു ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥനെ വിളിച്ചു ശിപാര്‍ശ ചെയ്‌തെന്നാണു സ്വപ്‌നയുടെ മൊഴി.
എന്നാൽ അന്നു താന്‍ കസ്റ്റംസ് ഓഫീസറെ വിളിച്ചിട്ടില്ലെന്നും ഭക്ഷ്യസുരക്ഷാ ഓഫീസറെയാണു വിളിച്ചതെന്നുമാണു ശിവശങ്കറും പറയുന്നത്. എന്നാല്‍, കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറുമായി നേരിട്ടല്ല, പരിചയക്കാരനായ മറ്റൊരു കസ്റ്റംസ് ഓഫീസര്‍ വഴിയാണു ശിവശങ്കര്‍ ബന്ധപ്പെട്ടതെന്നാണ് ഇഡി സംശയിക്കുന്നത്.
കഴിഞ്ഞ ജൂണില്‍ 30 കിലോ സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടുവന്നതും ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പമായിരുന്നു. 20 തവണ സ്വര്‍ണം കടത്തിയതും അങ്ങനെയാണെന്നാണു സ്വപ്‌നയുടെ മൊഴി. നേരത്തേയും പ്രതികള്‍ക്കു സ്വര്‍ണക്കടത്തുണ്ടെന്നാണു വാട്ട്‌സ് ആപ്പ് ചാറ്റ് കാണിക്കുന്നത്. കസ്റ്റംസ് കഴിഞ്ഞ ജൂണ്‍ 30-നു ബാഗേജ് തടഞ്ഞുവച്ചപ്പോഴും ശിവശങ്കറെയാണു സ്വപ്‌ന സഹായത്തിനു വിളിച്ചത്.