സുശീൽ കുമാർ മോദിയെ ചൊല്ലി ബിജെപിയിൽ ഭിന്നത; മോദിക്ക് പുതിയ പദവി നൽകാൻ സാധ്യത

പട്‌ന: ബിഹാറിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അകാരണമായി മാറ്റി നിർത്തപ്പെട്ട സുശീൽ കുമാർ മോദിയെ ചൊല്ലി പാർട്ടിയിൽ ഭിന്നത. തെരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം ബിഹാറിൽ ബിജെപിയുടെ മുഖമായിരുന്നു സുശീൽ കുമാർ മോദി. നല്ല നേതാവെന്ന് പേരെടുത്ത ജനകീയ അടിത്തറയുള്ള സുശീൽ മോദിയുടെ ഒറ്റപ്പെടൽ നേതൃത്വത്തിന് വരും കാലങ്ങളിൽ പ്രശ്നമാകാനിടയുണ്ടെന്നാണ് സൂചന.

അതേ സമയം സുശീൽ മോദിയെ കേന്ദ്രമന്ത്രിസഭയിലേക്കോ ഗവർണർ പദവിയിലേക്കോ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. സുശീൽ കുമാർ മോദിഅസ്വസ്ഥനല്ലെന്നും പുതിയ പദവി നൽകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതല വഹിച്ച ദേവേന്ദ്ര ഫഡ്നാവിസ് പറയുന്നു. ‘സുശീൽ മോദിജി അസ്വസ്ഥനല്ല. അദ്ദേഹം നമുക്കൊരു സമ്പത്താണ്. ഒരു പുതിയ ഉത്തരവാദിത്വം അദ്ദേഹത്തിനു നൽകും’– ഫഡ്നാവിസ് പറഞ്ഞു. സുശീലിനെ മാറ്റി ബിജെപിയുടെ താരകിശോർ പ്രസാദിനും രേണു ദേവിക്കുമാണ് ഉപമുഖ്യമന്ത്രി ചുമതല നൽകിയിരിക്കുന്നത്.

ഇതേത്തുടർന്ന് സുശീൽ മോദി അസ്വസ്ഥനാണെന്നു ഊഹാപോഹങ്ങള്‍ ഉയർന്നിരുന്നു. ഞായറാഴ്ചത്തെ അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഊഹാപോഹങ്ങള്‍ ശക്തമാക്കിയത്. ‘40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ബിജെപിയും സംഘപരിവറും എനിക്ക് വളരെയധികം തന്നു. മറ്റൊരാൾക്ക് അത് ലഭിച്ചില്ലായിരിക്കാം. എന്നെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കും. ഒരു പ്രവർത്തകന്റെ സ്ഥാനം ആർക്കും എടുത്തുകളയാൻ കഴിയില്ല’– അദ്ദേഹം പറഞ്ഞു.

അതേസമയം നിയമസഭാകക്ഷിയിലും മോദി തഴയപ്പെട്ടു. തിങ്കളാഴ്ച തുടർച്ചയായ നാലാംവട്ടവും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. നിതീഷിനൊപ്പം ബിജെപി നേതാക്കളായ താര്‍കിഷോര്‍ പ്രസാദും രേണു ദേവിയുമാണ് ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റത്. കത്തിഹാര്‍ എംഎല്‍എ താര്‍കിഷോര്‍ പ്രസാദിനെ നിയമസഭാകക്ഷി നേതാവായും ബെത്തിയയില്‍ നിന്ന് വിജയിപ്പിച്ച രേണു ദേവിയെ ഉപനേതാവായും ബിജെപി തിരഞ്ഞെടുത്തിരുന്നു.