മാർത്തോമ്മ സഭയുടെ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു

തിരുവല്ല: മാർത്തോമ്മ സഭയുടെ പരമാധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ മാർത്തോമ്മ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിൽ ഡോ. യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്.
രാവിലെ 7.45 ഓടു കൂടി തുടങ്ങിയ ചടങ്ങുകൾ 10 മണിയോടെ പൂർത്തിയായി.

പുലാത്തീനിൽ നിന്നാണ് നിയുക്ത മെത്രാപ്പൊലീത്തയെ വേദിയിലേക്ക് നയിച്ചത്. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ സിറിൽ മാർ ബസേലിയോസ്, മാർത്തോമ്മ സഭയിലെ മറ്റ് എപ്പിസ്കോപ്പമാർ എന്നിവർ പങ്കെടുത്തു.

അനുമോദന സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രത്യേക മദ്ബഹ വെള്ളിയാഴ്ച വൈകീട്ട് കൂദാശ ചെയ്തു. കൊറോണ നിയന്ത്രണങ്ങൾ പാലിച്ചാണ് വാഴിക്കൽ ചടങ്ങുകൾ. വൈദികരും സഭയുടെ വിവിധ മേഖലയിൽ നിന്നുള്ള പ്രതിനിധികളടക്കം 150നടുത്ത് ആളുകൾ മാത്രമാണ് നേരിട്ട് ചടങ്ങിൽ പങ്കെടുത്തത്.

അനുമോദന സമ്മേളനത്തില്‍ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്‍മാരടക്കമുള്ള
വിവിധ സാമുദായിക സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഭയില്‍ ഒരു മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്.