സത്യസന്ധനെന്ന് സ്വയം പ്രഖ്യാപിച്ച് മന്ത്രി ജലീലിൻ്റെ കുറിപ്പ്

തിരുവനന്തപുരം: എല്ലാം തികഞ്ഞ സത്യസന്ധനെന്ന് സ്വയം പ്രഖ്യാപിച്ച് മന്ത്രി കെ ടി ജലീൽ. കസ്റ്റംസ് ചോദ്യം ചെയ്യലിനിടെ തന്നെ കുടുക്കാനാവില്ലെന്ന കുറിപ്പിലാണ് ജലീലിൻ്റെ പുതിയ ആദർശ പ്രഖ്യാപനം. ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് രേഖപ്പെടുത്തിയിരിക്കുനന്ത്. മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയാണ് കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിച്ചതെന്നും അതുകൊണ്ടാണ് ഒദ്യോഗിക വാഹനത്തിൽ കസ്റ്റംസ് ഓഫീസിലെത്തിയതെന്നും മന്ത്രി ഫെയ്സ്ബുക്കിൽ പറയുന്നു.

മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. എൻഐഎയും ഇഡിയും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്.

ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു; ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിൻ്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ലെന്നും മന്ത്രി പറയുന്നു.

എൻ്റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണെന്നും മന്ത്രി വ്യക്തമാക്കുന്നു.