കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ കെ.എം ഷാജി എംഎൽഎയ്ക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്.
കോഴിക്കോട് വിജിലൻസ് എസ്പിയോട് പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് ജഡ്ജി കെ.വി ജയകുമാറിന്റേതാണ് ഉത്തരവ്.
കോഴിക്കോടുള്ള കെ.എം ഷാജിയുടെ വീടാണ് പ്രധാന അന്വേഷണ വിഷയം. 1,626,0000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്ത്.
ഇത്രയും വലിയ ഒരു സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കി എന്നതാണ് പ്രധാനമായും അന്വേഷിക്കുക. സാമുഹിക പ്രവർത്തകനും നിയമജ്ഞനുമായ അഡ്വ.എം.ആർ ഹരീഷിന്റെ പരാതിയിലാണ് അന്വേഷണം.
ഔദ്യോഗിക പദവി ഉപയോഗിച്ച് വിദേശത്ത് നിന്നടക്കം വലിയ തോതിൽ പണം കൈപ്പറ്റിയെന്നും ഇതിനായി നിരവധി തവണ ഷാജി വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. പല ബിനാമി പേരുകളിലും വാഹനങ്ങളും, ഭൂമിയും വാങ്ങിക്കുന്ന ശീലം കെ.എം ഷാജിക്കുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കെ.എം ഷാജിക്കോ, ഭാര്യയ്ക്കോ കെ.എം ഷാജിയുടെ നിയമസഭാംഗമെന്ന നിലയുള്ള ശമ്പളവും ആനുകൂല്യവും ഒഴികെ മറ്റ് കാര്യമായ വരുമാന മാർഗമൊന്നുമില്ല. വരുമാനം ലഭിക്കുന്ന കൃഷി സ്ഥലമോ, കെട്ടിടങ്ങളോ ഇല്ല. ഇത് തന്നെ അഴിമതി നടത്തിയെന്നതിന് പ്രാഥമിക തെളിവാണെന്നു പരാതിയിൽ പറയുന്നു.
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിൽ നിലവിൽ അന്വേഷണം നേരിടുകയാണ് കെ.എം. ഷാജി എഎൽഎ. ഇതിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെയും, കണ്ണൂരിലേയും വീട് ഇഡിയുടെ നിർദേശ പ്രകാരം അളന്നിരുന്നു. തിങ്കളാഴ്ച കോഴിക്കോട് ഇഡി ഓഫീസിൽ വെച്ച് കെ.എം ഷാജിയുടെ ഭാര്യ കെ.എം ആശയിൽ നിന്ന് ഇഡി മൊഴിയെടുക്കുന്നുണ്ട്. കെ.എം ഷാജിയോട് നാളെ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.