കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മാനേജിംഗ് ഡയറക്ടറും ലീഗ് ജില്ലാ പ്രവർത്തകസമിതിയംഗവുമായ ടി.കെ.പൂക്കോയ തങ്ങളാണ് ഉത്തരവാദിയെന്ന് മഞ്ചേശ്വരം എംഎൽഎ എം.സി.കമറുദ്ദീൻറെ മൊഴി.രാഷ്ട്രീയത്തിൽ സജീവമായതിനാൽ ജ്വല്ലറി കാര്യങ്ങൾ അറിഞ്ഞിരുന്നില്ല. താൻ ചെയർമാൻ ആണെന്നത് രേഖയിൽ മാത്രമാണെന്നും എല്ലാ ഇടപാടിനും ഉത്തരവാദി പൂക്കോയ തങ്ങൾ ആണെന്നും കമറുദ്ദീൻ മൊഴിയിൽ പറയുന്നു. എല്ലാം നല്ല നിലയിലെന്ന് പൂക്കോയ തങ്ങൾ തെറ്റിദ്ധരിപ്പിച്ചു.
കേസിൽ തങ്ങൾ ഒന്നാം പ്രതിയും കമറുദ്ദീൻ രണ്ടാം പ്രതിയുമാണ്. കേസിൽ ഇരുവർക്കും തുല്യപങ്കാളിത്തമാണുള്ളത്. എംഎൽഎ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.
അതേസമയം ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പൂക്കോയ തങ്ങൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.പൂക്കോയ തങ്ങൾ ഒളിവിലാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
പൂക്കോയ തങ്ങൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ എത്തിയിരുന്നില്ല.കേസിൽ അറസ്റ്റിലായ എം.സി. കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം അപേക്ഷ നൽകി. കാഞ്ഞങ്ങാട് മജിസ്ട്രേറ്റിനാണ് അപേക്ഷ നൽകിയത്