കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസില്‍ എംസി ഖമറുദ്ദീനെതിരായ നടപടി അനിതരസാധാരണമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്. കമറുദ്ദീന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫാഷന്‍ ഗോള്‍ഡ് തകര്‍ന്നത് സ്ഥാനാര്‍ഥിയാക്കുമ്പോള്‍ അറിഞ്ഞില്ല. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി. ഖമറുദ്ദീനെതിരെ ചുമത്തിയത് നിലനില്‍ക്കാത്ത വകുപ്പുകളാണ്. അദ്ദേഹത്തിനെതിരായ ആരോപണത്തില്‍ അന്വേഷണം പോലും പൂര്‍ത്തിയായിട്ടില്ല. രാവിലെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നു, വൈകുന്നേരം അറസ്റ്റ് ചെയ്യുന്നു.
അതിനിടയ്ക്ക് അറസ്റ്റ് ഉണ്ടാവുമെന്ന് അന്വേഷണസംഘത്തിന്റെ പ്രഖ്യാപനവും വരുന്നു. ഇത് അസാധാരണ നടപടിയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപകരുടെ പണത്തില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ല. കമ്പനി കടംവീട്ടണം. അറസ്റ്റ് അന്യായമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മറ്റ് അന്വേഷണങ്ങളുടെ വാര്‍ത്തകളെ പ്രതിരോധിക്കാനുള്ള സംഭവം മാത്രമാണ് ഈ അറസ്റ്റ്. അത് നിയമപരമായി നിലനില്‍ക്കില്ല. രാഷ്ട്രീയമായി വാര്‍ത്ത സൃഷ്ടിക്കാനുള്ള ഒരു നടപടിയായി മാത്രമേ ഇതിനെ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനല്ല സര്‍ക്കാരിന്റ താത്പര്യം. എന്നാല്‍ ലീഗിന്റെ നിലപാട് പണം തിരിച്ചുകിട്ടലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ കേസ് പാര്‍ട്ടിയുടെ ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ മുഴുവന്‍ നിക്ഷേപകരുടേയും പണം തിരിച്ചുനല്‍കണമെന്നാണ് പാര്‍ട്ടി സ്വീകരിച്ച നിലപാട്. ഇന്ന് ചേര്‍ന്ന യോഗത്തിലും സമാനമായ നിലപാടാണ് ആവര്‍ത്തിച്ചത്. ഏത് ബിസിനസ്സ് തകര്‍ന്നാലും അതില്‍ ന്യായമായി എടുക്കാവുന്ന തീരുമാനം പണം നിശ്ചിതസമയത്തിനുള്ളില്‍ തിരിച്ചുനല്‍കാം എന്നാണ് .
ഫാഷന്‍ ഗോള്‍ഡിന്റെ കാര്യത്തിലും ഈ നിലപാടാണ് എടുത്തത്. എന്നാല്‍ അതിനുള്ള സാവകാശം പോലും അനുവദിക്കാതെയാണ് അറസ്റ്റ് നടന്നത്. അന്യായമായ അറസ്റ്റാണ് നടന്നത്. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യും എന്നാണെങ്കില്‍ സിറ്റിങ് എംഎല്‍എമാരില്‍ പലരേയും അറസ്റ്റ് ചെയ്യേണ്ടി വരും’.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നഷ്ടത്തിലാണെന്ന വിവരം പാര്‍ട്ടി നേരത്തെ അറിഞ്ഞില്ല. ഖമറുദ്ദീന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ചരിത്രം നോക്കിയാണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.