തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നിൽ ആസൂത്രിതമായ പദ്ധതി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ പ്രതിരോധത്തില്‍ കേരളം നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം. തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്. ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കിയിട്ടുള്ളത്.
ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കാനാണു എല്ലാവരോടും പ്രധാനമന്ത്രി പറഞ്ഞത്. അത് അവർക്കും അറിയാം. രാജ്യത്താകെ നടപ്പാകേണ്ട രീതി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഭാഗമായി അണിചേരുകയാണു സർക്കാർ ചെയ്തത്.
5178 ക്യാംപുകൾ അതിഥി തൊഴിലാളികൾക്കായി ഇപ്പോൾ പ്രവർത്തിക്കുന്നു. അവർക്കു വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവർക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോൾ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്ത് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം നടത്തിയ 2 പേരെ പിടിച്ചു. ഇവർ മലയാളികളാണ്. . അതിഥി തൊഴിലാളികളുടെ ക്യാംപുകൾ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാർഡുകളെ ചുമതലപ്പെടുത്തി. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലെ സന്ദേശം തൊഴിലാളികള്‍ക്കിടയിൽ പ്രചരിപ്പിക്കും. ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംസ്ഥാനതല കൺട്രോൾ റൂം തുറന്നിട്ടുണ്ടെന്നും പിണറായി പറഞ്ഞു.