ലൈഫ് മിഷനിലെ കൂടുതല്‍ പദ്ധതികളില്‍ ശിവശങ്കര്‍ കമ്മീഷന് ശ്രമിച്ചു; എന്‍ഫോഴ്‍സ്‍മെന്‍റ് കണ്ടെത്തൽ

കൊച്ചി: ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. ലൈഫ് മിഷനിലെ കൂടുതല്‍ പദ്ധതികളില്‍ ശിവശങ്കര്‍ കമ്മീഷന് ശ്രമിച്ചതായി ഇഡി പറയുന്നു. പദ്ധതികളുടെ വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറുകയും കരാറുകാരെ കണ്ടെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തന്നാണ് ഇഡി വ്യക്തമാക്കുന്നത്.

ഒരു കരാറുകാരായ ഹൈദരാബാദിലെ പൊന്നാര്‍ ഇന്‍ഡസ്ട്രീസില്‍ ഇഡി റെയ്‍ഡ് നടത്തി. ഇവിടെ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തെന്നാണ് വിവരം. അതേസമയം ലൈഫ് മിഷൻ അഴിമതിയിലെ വിജിലൻസ് കേസിലുംഎം ശിവശങ്കറിനെ പ്രതി ചേര്‍ത്തിരുന്നു. കോടതിയിൽ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അഞ്ചാം പ്രതിയാണ്.

റെഡ് ക്രസന്‍റുമായി ധാരണാപത്രം ഒപ്പിട്ടതിൽ ശിവശങ്കർ ഇടപെട്ടുവെന്ന ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന്‍റെ മൊഴിയും, സ്വപ്ന നിർദ്ദേശിച്ചത് പ്രകാരം ശിവശങ്കറിനെ കണ്ടെന്ന യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ മൊഴിയും ലൈഫിലെ കോഴപ്പണം സൂക്ഷിക്കാൻ സ്വന്തം ചാർട്ടേഡ് അക്കൗണ്ടിന്‍റെ ലോക്കർ സ്വപ്നക്ക് നൽകാൻ ശിവശങ്കർ ഇടപെട്ടതുമാണ് കേസിൽ നിർണ്ണായകമായത്.