ന്യൂഡെൽഹി: ഇന്ത്യൻ കായിക പ്രേമികളെ അമ്പരപ്പിച്ച് ബാഡ്മിന്റൺ താരം പി.വി സിന്ധുവിന്റെ ട്വിറ്റർ പോസ്റ്റ്. പക്ഷേ, ആ പ്രഖ്യാപനത്തിൽ ഒരു ട്വിസ്റ്റുണ്ട്. ഡെൻമാർക്ക് ഓപ്പണാണ് ഏറ്റവും ഒടുവിലത്തേത്, ഞാൻ വിരമിക്കുന്നു’എന്ന് തുടങ്ങുന്നതായിരുന്നു ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് കൂടിയായ സിന്ധുവിന്റെ ട്വീറ്റ്.
എന്നാൽ ട്വീറ്റിന്റെ വിശദാംശങ്ങളിലേക്ക് കടന്നാലാണ് ട്വിസ്റ്റ് വെളിവാകുക. കൊറോണ തന്റെ കണ്ണു തുറപ്പിച്ചു എന്നാണ് സിന്ധു പറയുന്നത്. വൈറസിനെ ഫലപ്രദമായി ചെറുത്ത്, കളത്തിൽ തിരിച്ചെത്തുന്ന കാര്യവും സിന്ധു കുറിപ്പിലൂടെ വ്യക്തമാക്കുന്നു. മനസിനെ പൂർണമായും ശുദ്ധീകരിച്ച് ഒരു തിരിച്ചുവരവിനെക്കുറിച്ച് കുറച്ചുനാളായി ചിന്തിക്കുന്നുവെന്നും തന്നെ സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു ഈ കൊറോണ കാലമെന്നും സിന്ധു കുറിച്ചു.
കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം, മാസങ്ങളായി തുടരുന്ന ഭയം, അനിശ്ചിതത്വം എന്നിവയിൽ നിന്നൊക്കെ വിരമിക്കുകയാണെന്നും താൻ ബാഡ്മിന്റൺ കോർട്ടിൽ നിന്നല്ല വിരമിക്കുന്നതെന്നും സിന്ധു കുറിപ്പിൽ വ്യക്തമാക്കുന്നു. ‘ മികച്ച പരിശീലനത്തിലൂടെ വിജയം കൈവരിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്.
ലോകം മുഴുവനുള്ള ഈ ആദൃശ്യ വൈറസിനെ എങ്ങനെ ഇല്ലാതാക്കുമെന്ന് സിന്ധു ചോദിക്കുന്നു. ഈ കൊറോണ കാലത്ത് ഒരുപാട് പേരുടെ ദുരന്തകഥകളാണ് കേട്ടത്. മാസങ്ങളായി വീട്ടിൽ തന്നെ ഇരുന്നത് ഈ ലോകത്തെ കുറിച്ചുള്ള കാഴ്ചപാടിൽ മാറ്റം വരുത്താൻ സഹായകമായെന്നും സിന്ധു പറയുന്നു.