പി ടി തോമസ് എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം; പിണറായിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് അന്വേഷിക്കണമെന്ന് പിടി തോമസ്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പി. ടി. തോമസ് എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിനാണ് വിജിലൻസിൻ്റെ ഉത്തരവ്.

അതേസമയം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് തന്നെ പേടിപ്പിക്കാമെന്നത് പിണറായി വിജയന്റെ വ്യാമോഹമാണെന്ന് പി.ടി.തോമസ് എംഎല്‍എ.

ഇടപ്പള്ളി ഭൂമി ഇടപാടിൽ പി ടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നൽകിയതെന്നതാണ് ആരോപണം. ഇക്കാര്യത്തിൽ പി ടി തോമസിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ സർക്കാരിന് പരാതികൾ നൽകിയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് ഇപ്പോൾ അന്വേഷണ ഉത്തരവിറങ്ങിയിരിക്കുന്നത്. എംഎൽഎയ്ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും അനുമതി നൽകിയിരുന്നു.

അതേസമയം മൂന്നു മാസത്തിനിടെ രണ്ടാമത്തെ വിജിലന്‍സ് അന്വേഷണമാണ് തനിക്കെതിരേ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പിടി തോമസ് പറഞ്ഞു. 2006 – 2011 എല്‍ഡിഎഫ് ഭരണകാലത്ത് അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരേ വാര്‍ത്താസമ്മേളനം നടത്തിയ വകയില്‍ ആ സര്‍ക്കാര്‍ രണ്ട് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു.

ഇത്തരം വേട്ടയാടലുകളില്‍ ഭയപ്പെടുന്ന ആളല്ല താന്‍. പിണറായി വിജയന്റേയും കുടുംബാംഗങ്ങളുടെയും സ്വത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കുന്ന കാര്യം പരിഗണിക്കുന്നതായും പി.ടി. തോമസ് പറഞ്ഞു.