കൊച്ചി: വ്യക്തമായ തെളിവ് ലഭിച്ചാല്‍ സ്വര്‍ണക്കടത്തിനു പിന്നില്‍ ആരായാലും പ്രോസിക്യൂട്ട് ചെയ്യുമെന്ന് കസ്റ്റംസ് പ്രിവന്റിവ് കമീഷണര്‍ സുമിത് കുമാര്‍. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുന്ന സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള രാജ്യാന്തര കള്ളക്കടത്തിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കൊറോണ കാലത്തെ കള്ളക്കടത്തിനെക്കുറിച്ച് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളക്കടത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ധനമന്ത്രാലയത്തിന് കീഴിലെ പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിർദേശമെന്നും ശക്തമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കടത്ത് സിന്‍ഡിക്കേറ്റുകളുടെ നിയന്ത്രണത്തിലുള്ള വിതരണ ശൃംഖലകളെ സ്വര്‍ണ വ്യവസായമേഖല വലിയതോതില്‍ ആശ്രയിക്കുന്നുണ്ട്. ഉയര്‍ന്ന നികുതി നിരക്കാണ് സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ കാരണമെന്ന് പറയുന്നതില്‍ കാര്യമില്ല. ഇതിനേക്കാള്‍ കൂടുതല്‍ ജി.എസ്.ടിയും കസ്റ്റംസ് ഡ്യൂട്ടിയും ഈടാക്കുന്ന ഉല്പന്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി