വീണ്ടും പൊലീസിന്റെ മൂന്നാംമുറ പ്രയോഗം; നഗ്നനാക്കി, ചൂടുള്ള പഞ്ചസാര ലായിനി കുടിപ്പിച്ചു

മലപ്പുറം: പൊന്നാനിയില്‍ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പൊന്നാനി സ്വദേശി നജ്മുദ്ധീനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പൊലീസുകാരനെതിരെയാണ് പരാതി. വീട്ടില്‍ അതിക്രമിച്ച്‌ കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി മര്‍ദ്ദിച്ചെന്നും നജ്മുദ്ധീന്‍ പറയുന്നു. വൃദ്ധരായ മാതാപിതാക്കളെ തള്ളിമാറ്റിയാണ് നജ്മുദ്ധീനെ പോലിസ് ബലമായി കൊണ്ടുപോയത്.

24നാണ് സംഭവം നടന്നത്. രാവിലെ ഒമ്പതിനും 10നും ഇടയിലുള്ള സമയത്താണ് പൊലീസ് നജ്മുദ്ധീന്‍റെ വീട്ടില്‍ വരുന്നത്. പൊന്നാനി പൊലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് വീടെങ്കിലും നജ്മുദ്ധീന്‍റെ വീട്ടിലേക്ക് വന്നത് തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അനീഷ് പീറ്ററെന്ന പൊലീസുകാരനാണ്.

വീട്ടില്‍ വച്ചു തന്നെ പൊലീസുകാര്‍ നജ്മുദ്ധീനെ മര്‍ദ്ദിച്ചു. അടിവസ്ത്രം വരെ അഴിപ്പിച്ചു. പൂര്‍ണ്ണ നഗ്നനാക്കി. നാല് മണിക്കൂറോളം അടിച്ചും, ഇടിച്ചും പീഡിപ്പിച്ചു.

മദ്യപിക്കാന്‍ നിര്‍ബന്ധിച്ചു. വഴങ്ങിയില്ല കൂടുതല്‍ പഞ്ചസാര തിളപ്പിച്ച മഞ്ഞ നിറത്തിലുള്ള ഉറുമ്പുകൾ ഉള്ള ലായിനി കുടിക്കാന്‍ നിര്‍ബന്ധിച്ചു.

പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കയറ്റുന്നതിന് മുന്‍പും അടിച്ചു. എന്താണ് കാര്യമെന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ഒരു സ്ത്രീയെ ശല്യം ചെയ്തുവെന്നായിരുന്നു പറഞ്ഞത്.

ബോധരഹിതനായ നജ്മുദ്ധീന്‍ എന്ന യുവാവിനെ ബോധം വന്നപ്പോള്‍ പുറത്ത് വിട്ടു. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ തിരൂര്‍ സ്റ്റേഷനിലെ സിപിഒ അനീഷ് പീറ്ററെ അന്വേഷണ വിധേയമായി ജില്ല പൊലീസ് മേധാവി സസ്പെന്‍റ് ചെയ്തു. പെരമ്പടപ്പ്‌ സി.ഐയോട് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസ് മേധാവി നിര്‍ദേശിച്ചു.