കൊച്ചി: വഴിയോര ബിരിയാണി വില്പന സാമൂഹികവിരുദ്ധര്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ മനംമടുത്ത് ആത്മഹത്യക്ക് ശ്രമിച്ച ട്രാന്‍സ് യുവതി സജ്ന ഷാജി ആശുപത്രി വിട്ടു. മൂന്നുദിവസം തീവ്രപരിചരണ വിഭാഗത്തിലുള്‍പ്പെടെ അഞ്ചുദിവസത്തെ ചികിത്സക്കുശേഷം കാക്കനാട്ടെ വാടകവീട്ടില്‍ വിശ്രമത്തിലാണ്.
ദിവസങ്ങള്‍ക്കുമുമ്പ് ഇരുമ്പനത്തും തൃപ്പൂണിത്തുറക്കടുത്തും വഴിയോര ബിരിയാണി വില്പന നടത്തുന്നതിനിടെ ചിലര്‍ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതോടെ വില്പന തടസ്സപ്പെട്ടതിനെക്കുറിച്ച് ഫേസ്ബുക്ക് ലൈവില്‍ കണ്ണീരോടെ പങ്കുവെക്കുകയായിരുന്നു സജ്ന.ഇതേതുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പിന്തുണയുമായി വരുകയും ആരോഗ്യമന്ത്രി കെകെ ശൈലജ, നടന് ജയസൂര്യ തുടങ്ങിയവര്‍ സഹായവാഗ്ദാനവുമായി ഇടപെടുകയും ചെയ്തു.
സംഭവം ഏറെ ചർച്ചയായതോടെ സുശാന്ത് നിലമ്പൂര്‍ ഇവര്‍ക്ക് വീട് വെച്ചുനല്‍കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് വിഡിയോ ചെയ്തു. ഇതുസംബന്ധിച്ച് തൻ്റെ ജോലിക്കാരിയായ തീര്ഥയോട് ഫോണില്‍ സംസാരിച്ചതിെന്റ ശബ്ദസന്ദേശം പുറത്തുവരുകയും വിവാദമാവുകയും ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനിടയിലും ഇവര്‍ക്കുനേരെ അധിക്ഷേപങ്ങളും ആരോപണങ്ങളും നിറഞ്ഞു. ഇതിൻ്റെ മാനസികാഘാതത്തിലാണ് ഉറക്കഗുളിക അമിതമായി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവ് നാടകമാണെന്നുള്പ്പെടെ പലരും പറഞ്ഞതിലുള്ള മനോവിഷമമാണ് ആത്മഹത്യശ്രമത്തിേലക്ക് നയിച്ചതെന്ന് സജ്ന പറഞ്ഞു.