മുംബൈ: ഓഹരി വിപണിയിൽ കഴിഞ്ഞയാഴ്ചത്തെ നേട്ടം ഒരുദിവസംകൊണ്ട് നഷ്ടമായി. നിഫ്റ്റി 11,800 നിലവാരത്തിന് താഴെയെത്തുകയും ചെയ്തു.
ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്. സെൻസെക്സ് 540 പോയന്റ് നഷ്ടത്തിൽ 40,145.50ലും നിഫ്റ്റി 162.60 പോയന്റ് താഴ്ന്ന് 11,767.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 986 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1655 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല.
ഫ്യൂച്ചർ ഗ്രൂപ്പ് കരാറിനെതിരെ ആമസോണിന്റെ നീക്കം റിലയൻസിന്റെ ഓഹരിയെ ബാധിച്ചു. വിലയിൽ രണ്ടുശതമാനത്തിലേറെ ഇടിവുണ്ടായി. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു.
നെസ് ലെ, കൊട്ടക് മഹീന്ദ്ര, ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, ലോഹം സൂചികകൾ മൂന്നുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.9-1.8ശതമാനം നഷ്ടം രേഖപ്പെടുത്തി.