തിരുവനന്തപുരം: അവയവകച്ചവടത്തിന് ഇടനിലനിൽക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാർ പോലീസ് നിരീക്ഷണത്തിലെന്ന് ക്രൈംബ്രാഞ്ച്. ഐജി എസ് ശ്രീജിത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ റിപ്പോർട്ടിനു പിന്നാലെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. നിയമവിരുദ്ധമായി അവയവമാറ്റം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐജി. റിപ്പോർട്ട് നൽകിയത്.
തൃശ്ശൂർ ജില്ലയിലെ കോളനി കേന്ദ്രീകരിച്ച് എട്ടുപേർ അവയവദാനം നടത്തിയത് ബന്ധുക്കൾക്കോ അറിയുന്നവർക്കോ അല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം തുടങ്ങിയത്. മുപ്പത്തഞ്ചോളം സംഘങ്ങളുടെ വിവരങ്ങൾ ലഭിച്ചു. നിയമം ലംഘിച്ചുള്ള നടപടികളിൽ സർക്കാർ ജീവനക്കാരുടെയും സർക്കാർ ഡോക്ടർമാരുടെയും പങ്കും സംശയിക്കുന്നു.
ഏജന്റുമാർ മുഖേന അവയവം സ്വീകരിച്ചവർ 40 മുതൽ 50 വരെ ലക്ഷം രൂപ നൽകിയിട്ടുണ്ട്. എന്നാൽ, അവയവം നൽകിയവർക്ക് എട്ടുമുതൽ 15 ലക്ഷംവരെ രൂപയാണ് ലഭിച്ചത്. ബാക്കിത്തുക ഏജന്റുമാർ തട്ടിയെടുത്ത് വീതം വെക്കുക ആയിരുന്നു. പണം കൈമാറ്റംചെയ്തത് ബാങ്ക് അക്കൗണ്ടുകൾ വഴിയല്ലെന്നും അന്വേഷണസംഘം സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ അന്വേഷണം പ്രാഥമികഘട്ടത്തിൽ മാത്രമാണ്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകളും ട്രാൻസ്പ്ലാന്റേഷൻ ഒാഫ് ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ടിലെ വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർചെയ്തിരിക്കുന്നത്.
തൃശ്ശൂർ ഡിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ എസ്പി. സുദർശനാണ് അന്വേഷിക്കുന്നത്. പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജി എസ് ശ്രീജിത്ത് എന്നിവർ മേൽനോട്ടം വഹിക്കുന്നു.