തിരുവനന്തപുരം: തുലാവര്‍ഷം ഈ മാസം 28 ഓടെ കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറന്‍ കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്നതായും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 26 മുതല്‍ ഒക്ടോബര്‍ 28 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
27, 28 തീയതികളിലായി കേരളത്തിലെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 27ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 28ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മധ്യ കിഴക്ക് അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.