അഴിമതിയ്ക്ക് അംഗീകാരം; പ്രോസിക്യൂഷന്‍ ഒഴിവാക്കി; ഒപ്പം ഇരട്ടി ശമ്പളവും; എല്ലാം നേട്ടമാക്കി കശുവണ്ടി കോര്‍പറേഷന്‍ മുന്‍ എംഡി

തിരുവനന്തപുരം: അഴിമതിക്കേസിലെ പ്രോസിക്യൂഷന്‍ ഒഴിവാക്കിയതിനു പിന്നാലെ ശമ്പളവും കൂട്ടി ലഭിച്ചതോടെ ഇരട്ടിനേട്ടം കിട്ടിയതിൻ്റെ ആനന്ദത്തിൽ കശുവണ്ടി കോര്‍പറേഷന്‍ മുന്‍ എംഡി കെഎ.രതീഷ്. എണ്‍പതിനായിരത്തില്‍ നിന്ന് 1,70,000 രൂപയാണ് പുതുക്കിയ ശമ്പളം. മറ്റു ആനുകൂല്യങ്ങളും കൂടി ചേര്‍ത്താല്‍ രണ്ടുലക്ഷത്തിലേറെ രൂപ ശമ്പളയിനത്തിൽ വരും. നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയാണ് രതീഷ്.

കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ് രതീഷ്. ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോർപറേഷനു വൻ നഷ്ടം നേരിട്ടതായി സിബിഐ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കശുവണ്ടി വികസന കോർപറേഷൻ 2015 ലെ ഓണക്കാലത്തു നടത്തിയ തോട്ടണ്ടി ഇടപാടിൽ വൻ നഷ്ടമുണ്ടായെന്ന കേസ് വിജിലൻസ് എഴുതിത്തള്ളിയിടത്താണ് സിബിഐ വൻക്രമക്കേട് കണ്ടെത്തിയത്.

ഇറക്കുമതി വ്യവസ്ഥകൾ അട്ടിമറിച്ചു ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോർപറേഷനു വൻ നഷ്ടം നേരിട്ടതായി സിബിഐ പ്രാഥമികാന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു.

കശുവണ്ടി വികസന കോർപറേഷൻ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ തോട്ടണ്ടി വാങ്ങിയതിൽ അഴിമതി നടന്നതായി ആരോപിച്ച് മനോജ് കടകംപള്ളി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് അന്വേഷിക്കാൻ 2015 ൽ സിബിഐയെ ചുമതലപ്പെടുത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചന, വഞ്ചന എന്നിവയ്ക്കും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരായ കേസ്. 2005 മുതൽ 2015 വരെ കോർപറേഷൻ എംഡിയായിരുന്നു രതീഷ്.