കുമ്മനത്തിനെതിരായ കേസ് തീർക്കാൻ ശ്രമം; പോലീസിനെക്കൊണ്ട് സിപിഎം എതിരാളികളെ ഇല്ലായ്മ ചെയ്യുന്നു; ശക്തമായി നേരിടാൻ ബിജെപി

പത്തനംതിട്ട: ഭരണവിരുദ്ധ വികാരം തടയാൻ സംസ്ഥാന സർക്കാർ പോലീസിനെക്കൊണ്ട് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പ്രതിയാക്കിയതാണെന്ന് ബിജെപി നേതൃത്വത്തിൻ്റെ വിലയിരുത്തൽ. സ്വർണക്കടത്തു കേസിൽ വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കെ ശ്രദ്ധ തിരിച്ചുവിടാൻ കൂടിയാണ് സത്യസന്ധനായ കുമ്മനത്തിനെ യാതൊരു കാരണവുമില്ലാതെ കേസിൽ പ്രതിയാക്കിയതെന്നാണ് നേതാക്കൾ പറയുന്നത്. ശത്രുക്കളെ ഏതു രീതിയിലും ഇല്ലായ്മ ചെയ്യുന്ന സിപിഎം തന്ത്രത്തിനെതിരേ ശക്തമായി രംഗത്തു വരാനാണ് ബിജെപിയുടെ തീരുമാനം.

അതേസമയം ഉയർന്നു വന്ന ആരോപണങ്ങൾ ബിജെപി നിഷേധിച്ചെങ്കിലും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തിയെന്ന് പാർട്ടി വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. പൊലീസ് സ്റ്റേഷന് പുറത്ത് കേസ് തീർക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, കേസിലേക്ക് കുമ്മനം രാജശേഖരനെ വലിച്ചിഴച്ചതാണെന്ന് ഒന്നാം പ്രതി പ്രവീൺ വി.പിള്ള പറഞ്ഞു.

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെന്ന കേസിലാണ് കുമ്മനം രാജശേഖരനെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുമ്മനത്തെ പ്രതി ചേർത്തുള്ള കേസ് സിപിഎം രാഷ്ട്രീയ ആയുധമാക്കുമെന്ന് തിരിച്ചറിഞാണ് പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് പണമിടപാടുകൾ തീർത്ത് ഒത്തു തീർപ്പിനായി ബിജെപി ശ്രമിക്കുന്നത്.

പാലക്കാട്ടുള്ള ന്യൂ ഭാരത് ബയോടെക്നോളജി എന്ന കമ്പനിക്കെതിരെയാണ് ആറന്മുള സ്വദേശി പിആർ ഹരികൃഷണൻ പരാതി നൽകിയത്. ഈ കമ്പനിയുടെ ഉടമ വിജയൻ പരാതിക്കാരന് നൽകാനുള്ള മുഴുവൻ പണവും നൽകാമെന്നും അറിയിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുടെ തന്നെ സാന്നിധ്യത്തിൽ എത്രയും വേഗം ഇടപാടുകൾ തീർക്കാനാണ് തീരുമാനം. കുമ്മനം രാജശേഖരന്റെ പിഎ ആയിരുന്ന പ്രവീൺ വി.പിള്ളയുടെ നിർദേശപ്രകാരമാണ് പരാതിക്കാരൻ കമ്പനിയിൽ പണം നിക്ഷേപിച്ചത്.

പണം നിക്ഷേപിക്കുന്നതിന് മുമ്പ് കുമ്മനവുമായി ചർച്ച നടത്തിയിരുന്നെന്ന് പരാതിയിൽ പരാമർശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ നാലാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. കമ്പനി ഉടമയെ മുമ്പ് അറിയാമായിരുന്നെന്നും പുതിയ സംരഭം തുടങ്ങിയപ്പോൾ നിക്ഷേപകരെ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രവീൺ പറയുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി പ്രതിനിധിയായി കുമ്മനത്തെ നിയമിച്ചതിന് പിന്നാലെ ഉയർന്ന കേസ് നാണക്കേടായി ബിജെപി കരുതുന്നു.കുമ്മനത്തെ ഭരണ സമിതിയിൽ ഉൾപ്പെടുത്തിയതിൽ ബിജെപിക്കുള്ളിലും ചേരിതിരിഞ്ഞുള്ള ചർച്ചകൾ നടക്കുന്നുണ്ട്.