കൊച്ചി: കൊറോണ രോഗബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിലുണ്ടായ അനാസ്ഥ പുറത്ത് നിന്നുള്ള വിദഗ്ദ്ധ സംഘം അന്വേഷിക്കണമെന്ന് ശുപാർശ. ഡിഎംഇ സർക്കാരിനെ ഇക്കാര്യം അറിയിച്ചു. മെഡിക്കൽ കേളേജിന് പുറത്ത് നിന്നുള്ള വി ദഗ്ദ്ധരടങ്ങിയ സംഘം അന്വേഷിച്ചാൽ മാത്രമേ സത്യാവസ്ഥ പുറത്തുവരികയുള്ളൂ എന്നാണ് ഡിഎംഇ നിലപാട്.
ആശുപത്രിക്കെതിരെ നിരവധിപ്പേർ പരാതിയുമായെത്തിയതിന്റെയും പ്രതിഷേധം ശക്തമാകുന്നതിന്റെയും സാഹചര്യത്തിലാണ് പുറത്ത് നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്റെ അന്വേഷണത്തിന് ശുപാർശ നൽകിയത്. അതേസമയം കൊറോണ രോഗി സി.കെ ഹാരിസ് മെഡിക്കൽ കോളേജിൽ മരിച്ച പരാതിയിൽ പൊലീസ് മെഡിക്കൽ കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചു.
അന്വേഷണത്തിന് നേതൃത്വം നൽകുന്ന കളമശ്ശേരി പൊലീസ് സംഘം മെഡിക്കൽ കോളേജിൽ നേരിട്ടത്തിയാണ് വിവരങ്ങൾ ചോദിച്ചറിഞത്. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെട്ടു. ഇവ കിട്ടിയ ശേഷം മൊഴി എടുക്കൽ തുടങ്ങും. ചികിത്സാ അനാസ്ഥ ആരോപിക്കപ്പെടുന്ന കേസുകളിൽ പ്രഥമിക അന്വേഷണം നടത്തിയതിന് ശേഷമെ കേസടുക്കാനാകൂ. ആശുപത്രിയിലെ അനാസ്ഥ വെളിപ്പെടുത്തിയതിനെതുടർന്ന് തനിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന ഭീതിയുണ്ടെന്ന് കാട്ടി ഡോക്ടർ നജ്മ പൊലീസിൽ പരാതി നൽകി. നജ്മയുടെ ആരോപണത്തെകുറിച്ചും നഴ്സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതിനെകുറിച്ചും അന്വേഷണം നടത്താൻ ആർഎംഇ ഉത്തരവിട്ടു.