കോട്ടയം: ബാർകോഴ കേസിൽ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ രമേശ് ചെന്നിത്തലയാണെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി ആകുക എന്ന ലക്ഷ്യമാണ് ബാർ കോഴ കേസിന് പിന്നിലെന്ന് ജോസ് വിഭാഗത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തലെന്ന് ജോസ് വിഭാഗം പറയുന്നു. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയിൽ അടൂർ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആർ.ബാലകൃഷ്ണപിളളയും പി.സി.ജോർജും ഗൂഢാലോചനയിൽ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസിലെ ചില നേതാക്കൾ കെഎം മാണിയെ പിന്നിൽ നിന്ന് കുത്തിയെന്ന് അദ്ദേഹം പലതവണ ആവർത്തിച്ചിരുന്നു. ആരൊക്കെയാണ് ആ നേതാക്കളെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ജോസ് തയ്യാറായിരുന്നില്ല.
രഹസ്യ അന്വേഷണ റിപ്പോർട്ട് അതാരെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണെന്ന് ജോസ് പറയുന്നു.
ബാർകോഴ സംബന്ധിച്ച ആരോപണം ഉയർന്നപ്പോൾ തന്നെ 2014-ൽ കെ.എംമാണി സിഎഫ് തോമസിനെ ചെയർമാനാക്കിക്കൊണ്ട് അന്വേഷണക്കമ്മിഷൻ വെച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിലെ എല്ലാ കണ്ടെത്തലുകളും വിരൽ ചൂണ്ടുന്നത് ഐഗ്രൂപ്പിലേക്കാണെന്ന് ഇവർ വ്യക്തമാക്കുന്നു. കെഎം മാണിയേയും കേരള കോൺഗ്രസിനേയും ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറയുന്നു. രമേശ് ചെന്നിത്തല, പിസിജോർജ്, അടൂർ പ്രകാശ്, ജോസഫ് വാഴയ്ക്കൻ എന്നിവരാണ് ഈ ഗൂഢാലോചയ്ക്ക് നേതൃത്വം നൽകിയതെന്നും ജോസ് വിഭാഗം പറയുന്നു.
എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും മുണ്ടക്കയത്തെ സർക്കാർ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ഫ്രാൻസിസ് ജോർജ്, പി.സി.ജോർജ് , ബാലകൃഷ്ണപിളള തുടങ്ങിയവർ നേതൃത്വം നൽകി. ജേക്കബ് തോമസ്, സുകേശൻ, ബാറുടമയായ ബിജു രമേശ് തുടങ്ങിയവർ പലഘട്ടങ്ങളിൽ പങ്കാളികളായെന്നും റിപ്പോർട്ടിൽ പറയുന്നു . ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മൻചാണ്ടിക്കും അറിവുണ്ടായിരുന്നുവെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.
ഉമ്മൻചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാർകോഴ ആരോപണത്തിന് പിന്നിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേ ആവശ്യമുന്നയിച്ച് ചെന്നിത്തല പാലായിൽ മാണിയെ നേരിട്ട് കണ്ടുവെന്നും എന്നാൽ മാണി വഴങ്ങാതിരുന്നതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പറയുന്നു. പട്ടയ വിഷയവുമായി ബന്ധപ്പെട്ട് മാണിയും അടൂർ പ്രകാശും തമ്മിൽ വലിയ തോതിലുളള തർക്കങ്ങൾ ഉണ്ടായിരുന്നു. ആ ഭിന്നതയാണ് അടൂർ പ്രകാശിനെ ഈ ഗൂഢാലോചനയിലേക്കെത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
അടൂർ പ്രകാശിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ബാറുടമ ബിജു രമേശിന്റെ മകനാണ്. ആ ബന്ധം വെച്ച് ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തരിച്ച സിഎഫ് തോമസ് എംഎൽഎ. അധ്യക്ഷനായിരുന്ന സമിതിയെയാണ് ബാർകോഴ കേസ് സംബന്ധിച്ച് പാർട്ടിക്കുളളിലെ അന്വേഷണം നടത്താൻ വേണ്ടി ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ അവരുടെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ല. തുടർന്നാണ് എറണാകുളം കേന്ദ്രീകരിച്ചുളള സ്വകാര്യ ഏജൻസിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുന്നത്. ഇത് പിന്നീട് സി.എഫ്.തോമസിന് നൽകിയിരുന്നു. സിഎഫ്തോമസിന്റെ ഒപ്പോടുകൂടിയുളള റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് ജോസ് വിഭാഗം അവകാശപ്പെട്ടു.
ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ ബാർ കോഴ ആരോപണം വീണ്ടും സജീവ ചർച്ചയായ സാഹചര്യത്തിലാണ് ജോസ് പക്ഷത്തിൻ്റെ പുതിയ നീക്കം. 2016 മാർച്ച് 31-നാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും നാലുവർഷത്തോളം കേരള കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ മാത്രം കൈവശമുണ്ടായിരുന്ന റിപ്പോർട്ടാണിതെന്നും ജോസ് വിഭാഗം വ്യക്തമാക്കി.