തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകവേ വാഹനത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ദേഹാസ്വസ്ഥ്യം മറ്റൊരു തട്ടിപ്പ് നാടകമെന്ന് സൂചന. ഉന്നത സ്ഥാനത്തിരുന്ന് ശിവശങ്കർ നടത്തിയ ചെറുതും വലുതുമായ ഇടപാടുകൾ ഒന്നൊന്നായി പുറത്തു വരികയാണ്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശിവശങ്കറിനെ ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കസ്റ്റംസാണ്. സര്‍ക്കാര്‍ മേഖലയിലുള്ള ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ആരോഗ്യനിലയേക്കുറിച്ച് പൂര്‍ണ വിശ്വാസമുണ്ടാകുവെന്നായിരുന്നു കസ്റ്റംസിന്റെ നിലപാട്. അതിനാല്‍ മെഡിക്കല്‍ കോളജിലെ പരിശോധനാഫലം നിര്‍ണായകമാണ്. ഓര്‍ത്തോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ശിവശങ്കറെ ഓര്‍ത്തോ, ന്യൂറോ, ന്യൂറോ സര്‍ജറി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ പ്രത്യേകസംഘമാണ് പരിശോധിക്കുന്നത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഇന്ന് മെഡിക്കല്‍ ബോര്‍ഡ് കൂടി ആരോഗ്യസ്ഥിതി വിലയിരുത്തും.
ഡോക്ടർമാരുടെ തീരുമാനത്തിന് അനുസരിച്ചാകും കസ്റ്റംസിന്റെ തുടർനടപടികളും. മെഡിക്കൽ ബോർഡിന്റെ തീരുമാനവും ശിവശങ്കറിന്റെ നീക്കങ്ങളും കസ്റ്റംസ് നിരീക്ഷിക്കുന്നുണ്ട്. അതിനിടെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനും ശിവശങ്കര്‍ നീക്കം തുടങ്ങി.
ഇന്നലെയാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ശിവശങ്കറിനെ മാറ്റിയത്.
മാധ്യമപ്രവർത്തകൻ പികെ ബഷീർ കൊല്ലപ്പെട്ടപ്പോൾ പ്രതിയായി ആരോപിക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഇതുപോലൊരു വേഷം കെട്ടി ആടിയത് എല്ലാവരും കണ്ടതാണ്. അന്ന് ‘മിടുക്കൻ’ ശ്രീറാമിന് വേണ്ടതൊക്കെ ചെയ്തു കൊടുത്ത ലോബിയിലെ പ്രമുഖൻ ഇപ്പോൾ പുറത്താണെന്നാണ് സൂചന. ശിവശങ്കറിൻ്റെ ഇപ്പോ ഴത്തെ ശാരീരിക അസ്വസ്ഥതകൾക്കും സ്വകാര്യ ആശുപത്രികളിലെ ചികിൽസകൾക്കും പിന്നിൽ ഗൂഢ ലക്ഷ്യം ഉണ്ടെന്ന് മനസിലാക്കാൻ മൂന്നാം കണ്ണു വേണ്ട.
വെള്ളിയാഴ്ച വൈകുന്നേരം സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നതിനിടെയാണ് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കേസിൽ ശിവശങ്കറിനെതിരെ നിർണ്ണായക വിവരങ്ങൾ ലഭിച്ച കസ്റ്റംസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരായത് സ്വന്തം വാഹനത്തിലാണ്. എന്നാൽ വെള്ളിയാഴ്ച അദ്ദേഹത്തെ വിളിപ്പിച്ചപ്പോൾ കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാൽ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കിൽ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. കസ്റ്റംസ് വാഹനത്തിൽ തന്നെ വരണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. വാഹനത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെ ജഗതിയിൽ വെച്ചാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. കസ്റ്റംസ് വാഹനത്തിന്റെ ഡ്രൈവർ രക്തസമ്മർദ്ദത്തിന്റെ മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിലേക്ക് പോയപ്പോൾ വീണ്ടും അസ്വസ്ഥത കൂടി. ആദ്യം ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ശിവശങ്കർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കരമനയിലെ പിആർഎസ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശിവശങ്കറിന്റെ ഭാര്യ ഡോക്ടറാണ്. അവർ ജോലി ചെയ്യുന്നതും ഈ ആശുപത്രിയിലാണ്. ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റിയശേഷവും കസ്റ്റംസ് അവിടെ തുടർന്നത് ഉദ്വേഗം കൂട്ടി. ഇസിജിയിൽ വ്യത്യാസം ഉണ്ടെന്നും ആൻജിയോഗ്രാം ചെയ്യണമെന്നും ഡോക്ടർമാർ അറിയിച്ചതോടെ വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ മടങ്ങി. ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഇനി കസ്റ്റംസിന്റെ തുടർനീക്കം