ഡോളർ കടത്ത് കേസ് : ശിവശങ്കറിനും പങ്കുള്ളതായി സംശയം; സ്വപ്‌ന ഒന്നാം പ്രതി

തിരുവനന്തപുരം: ഡോളർ കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിന് പങ്കുള്ളതിനാൽ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങിയെന്നും റിപ്പോർട്ട്‌. സ്വപ്‌നാ സുരേഷ് ആണ് കേസിലെ ഒന്നാം പ്രതി.

സരിത്ത്, സന്ദീപ് നായര്‍ എന്നിവരെയും കസ്റ്റംസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ചു.

1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്താൻ സ്വപ്ന അടക്കമുള്ളവർക്ക് സഹായം നൽകിയതിൽ ശിവശങ്കറിന് പങ്കുള്ളതായാണ് കസ്റ്റംസ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട മൊഴികളും പലരിൽനിന്നായി ശേഖരിച്ച് കഴിഞ്ഞിട്ടുണ്ട്. വൻസമ്മർദ്ദം മൂലമാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥൻ പറ‍ഞ്ഞതായുള്ള മൊഴിയും കസ്റ്റംസിന്‍റെ പക്കലുണ്ട്. ഈ പണമാണ് പിന്നീട് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് മുന്നിൽ കോൺസുലേറ്റിലെ ധനകാര്യവിഭാഗത്തിന്‍റെ ചുമതലയിലുണ്ടായിരുന്ന ഖാലിദിന് കൈമാറുന്നത്. ഖാലിദാണ് ഈ തുക വിദേശത്തേക്ക് കടത്തിയത്. ഇതാണ് ശിവശങ്കറിന് പുതിയ കുരുക്കായത്.

ഇടപാടിനായി സ്വപ്നപ്രഭാസുരേഷ്, സന്ദീപ് നായർ, എം ശിവശങ്കർ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് തവണ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ രണ്ട് തവണയും ശിവശങ്കർ ചോദ്യം ചെയ്യാനെത്തിയില്ല. ആരോഗ്യകാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. കൃത്യമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ പ്രതി ചേർക്കാമെന്ന നീക്കത്തോടെ മുന്നോട്ടുപോകുകയായിരുന്നു കസ്റ്റംസ്. ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റിലേക്ക് കടക്കാൻ കസ്റ്റംസ് തയ്യാറെടുക്കുന്നതെന്നാണ് സൂചന. ഇഡിയും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചിരുന്നു.

സ്വർണക്കടത്ത്, ലോക്കർ ഇടപാട്, വിദേശത്തേക്ക് ഡോളർ കടത്ത് എന്നീ കാര്യങ്ങളിലാണ് ശിവശങ്കറിനെതിരെ കസ്റ്റംസ് അറസ്റ്റിന് തയ്യാറെടുക്കുന്നത്. കസ്റ്റംസ് കേസിൽ ശിവശങ്കർ തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, ആശുപത്രിയിൽ കഴിയുന്ന ശിവശങ്കറിനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന പരിശോധനാഫലം ലഭിച്ചുവെന്നാണ് വിവരം. അദ്ദേഹം നിരീക്ഷണത്തിൽ തുടരുമെന്നാണ് ആശുപത്രി അധികൃതരിൽനിന്ന് ലഭിക്കുന്ന സൂചന.