നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നിർത്തിവെക്കണം; കോടതിക്കെതിരെ പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയടക്കമുള്ള തുടർനടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി ഫയൽ ചെയ്തു. കോടതിയിൽനിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷിക്കുന്നില്ലെന്നും കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

അസാധാരണമായ നടപടിയാണ് കേസിൽ ഉണ്ടായിരിക്കുന്നത്. വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിൽ ട്രാൻസ്ഫർ പെറ്റീഷൻ നൽകുമെന്നും അതുവരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

182-ാമത്തെ സാക്ഷിയെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. ഈ ഘട്ടത്തിൽ പ്രോസിക്യൂഷന് എതിരെയുള്ള ഒരു കത്ത് കോടതി വായിച്ചു. മാത്രമല്ല, പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചെന്നും പ്രോസിക്യൂഷൻ പറയുന്നു. ഈ സാഹചര്യത്തിൽ സുതാര്യമായ വിചാരണ കോടതിയിൽ നടക്കുമെന്ന് കരുതുന്നില്ല. ഇരയ്ക്ക് നീതി ലഭ്യമാകും എന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹർജി ഇന്നുതന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന. ഹർജിയിൽ കോടതി എന്ത് നിലപാട് എടുക്കും എന്നതും സുപ്രധാനമാണ്. കോടതി നടപടികൾ മറ്റൊരു കോടതിയിലേയ്ക്ക് മാറ്റുക എന്നതാണ് ട്രാൻസ്ഫർ പെറ്റീഷൻറെ ലക്ഷ്യം. കേസിൽ വളരെ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും കൊറോണ പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ നീണ്ടുപോയിരുന്നു. അതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.