കൊച്ചി: ലൈഫ് മിഷനെതിരായ അന്വേഷണം താൽക്കാലികമായി സ്റ്റേ ചെയ്ത കോടതി ഉത്തരവിനെതിരെ സിബിഐ വീണ്ടും കോടതിയില്‍. രണ്ട് മാസത്തേക്ക് സംസ്ഥാന സര്‍ക്കാറിനും ലൈഫ് മിഷന്‍ സിഇഒയ്ക്കുമെതിരായ അന്വേഷണം ഹൈക്കോടതി മരവിപ്പിച്ച നടപടി അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ വീണ്ടും കോടതിയിലെത്തിയത്.
എഫ്‌സിആർഎ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി. അന്വേഷണ സംഘത്തിന്റെ ആശങ്കകള്‍ വ്യക്തമാക്കി സിബിഐ ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. രണ്ട് മാസത്തിന് ശേഷം കേസ് പരിഗണിക്കുന്നുവെന്ന് പറയുമ്പോള്‍ അത് അന്വേഷണത്തിന് തടസമാകുന്നുവെന്നും സിബിഐ പറയുന്നു. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി പദ്ധതിയില്‍ സര്‍ക്കാറിനെതിരെ നീണ്ട ആരോപണങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമം ഇട്ടുകൊണ്ടായിരുന്നു ലൈഫ് മിഷന് എതിരായ സിബിഐ അന്വേഷണം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. ലൈഫ് മിഷന് എതിരായ എഫ്‌ഐആര്‍ റദ്ദാക്കാതിരുന്ന കോടതി യൂണിടെക്കും റെഡ്ക്രസന്റും കമ്മിഷനുമെല്ലാം സിബിഐക്ക് അന്വേഷിക്കാമെന്നും വ്യക്തമാക്കുകയായിരുന്നു.
യൂണിടാകിന് എതിരായ എഫ്‌സിആര്‍എ ചട്ടലംഘനം നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് വിശദമായി വാദംകേള്‍ക്കുന്നതിനായി മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ഓണ്‍ലൈന്‍ സിറ്റിങിന് പകരം ഈ കേസില്‍ നേരിട്ട് വാദം കേള്‍ക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അന്വേഷണം സ്റ്റേ ചെയ്ത കോടതി ഉത്തരവ് ചോദ്യം ചെയ്ത് സിബിഐ വീണ്ടും കോടതിയെ സമീപിക്കുന്നത്.