സർക്കാർ ഡോക്ടർമാർ നാളെ മുതൽ സമരത്തിലേക്ക്

തിരുവനന്തപുരം: കൊറോണ ഡ്യൂട്ടി അടക്കം സർക്കാർ അമിത സമ്മർദം ചെലുത്തുന്നതില്‍ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിലെ സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്നു. നാളെ മുതൽ അധിക ജോലികളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും.

നാളെ മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കെജിഎംഒ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് അടിയന്തരമായി പരിഹരിക്കുക, തുടര്‍ച്ചയായ കൊറോണ ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന അവധി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.

കൊറോണ ചികിത്സയെ ബാധിക്കാത്ത തരത്തിലാവും പ്രതിഷേധമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതൽ കഴിഞ്ഞ ഒൻപതു മാസമായി ഏറ്റവും ആപകടകരമായ സാഹചര്യത്തിൽ ആത്മാർത്ഥമായി ജോലി ചെയ്തുവരുന്നവരാണ് ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർ. അവരുടെ നിതാന്ത ജാഗ്രതയും ആത്മാർത്ഥ സേവനവും ഒന്നു കൊണ്ടു മാത്രമാണ് ഈ വിഷമസന്ധി നാം തരണം ചെയ്തു വരുന്നത്. ഇത് ഓരോ ആരോഗ്യ പ്രവർത്തകൻ്റെയും ആത്മസമർപ്പണത്തിൻ്റെ ഫലമാണ്.

എന്നാൽ ഡോക്ടർമാർ ഉൾപ്പെടെ ഉള്ള ജീവനക്കാർക്ക് മാനസിക പിന്തുണ നൽകുന്നതിനു പകരം അവരെ തളർത്തുന്ന നടപടികൾ ഉണ്ടാവുന്നത് നിർഭാഗ്യകരമാണ്. കൊറോണ പ്രതിരോധത്തിന്റെ ആദ്യഘട്ടം മുതല്‍ സംഘടന മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാന്‍ പോലും തയ്യാറായില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പത്ത് ദിവസം തുടര്‍ച്ചയായി കൊറോണ ഡ്യൂട്ടി ചെയ്താല്‍ ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണ അവധി നല്‍കിയിരുന്നു. എന്നാല്‍ അത് പിന്നീട് റദ്ദാക്കിയിരുന്നു. ഇത് പുനസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

മാനവവിഭവശേഷിയുടെ കുറവ് അടിയന്തരമായി പരിഹരിക്കുക, ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ചികിത്സ നിർദ്ദേശങ്ങൾ നൽകുന്നതിന് വിരമിച്ച ഡോക്ടർമാരെയും സ്വകാര്യ ഡോക്ടർമാരെയും ഉൾപ്പെടുത്തി ബ്ലോക്ക് അടിസ്ഥാനത്തിൽ കോൾ സെൻ്റർ രൂപീകരിക്കുക,
മാറ്റി വച്ച ശമ്പളം ഉടൻ വിതരണം ചെയ്യുക, ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക,
അപകടകരമായ സാഹചര്യത്തിൽ അധികം ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് റിസ്ക് അലവൻസും ഇൻസെൻ്റീവും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംഒ സമരം.

ഡ്യൂട്ടി സമയത്തിന് ശേഷമുള്ള എല്ലാ ഓണ്‍ലൈന്‍ മീറ്റിങുകളും ട്രെയിനങ്ങുകളും ബഹിഷ്‌കരിക്കുമെന്നും, എല്ലാ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് മുഴുവന്‍ അംഗങ്ങളും വിട്ടുനില്‍ക്കുമെന്നും കെജിഎംഒ പ്രസിഡൻറ് ഡോ ജോസഫ് ചാക്കോ, ജനറൽ സെക്രട്ടറി.
ഡോ ജി എസ് വിജയകൃഷ്ണനും അറിയിച്ചു.