സംസ്ഥാനത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ നടപടി

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, എല്ലായിടത്തും കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വാട്ടർ അഥോറിറിറ്റി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കുടിവെള്ള വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും നോഡൽ ഓഫിസർമാരെ നിയോഗിച്ചതായി ജോയിൻറ് മാനേജിങ് ഡയറക്ടർ അറിയിച്ചു. കുടിവെള്ള പ്രശ്നങ്ങളുടെ ഏകോപനത്തിന് ജില്ലാ എമർജൻസി ഓപ്പറേഷൻ സെല്ലിലേക്ക് 24 മണിക്കൂറും ജോലിക്കായി വാട്ടർ അതോറിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ട് ജില്ലാ എമർജൻസി ഓപ്പറേഷൻ സെല്ലിലേക്ക് വരുന്ന നിർദേശങ്ങൾ ഇവർ നോഡൽ ഓഫിസർമാർക്ക് കൈമാറും. നോഡൽ ഓഫിസർമാർ ജില്ലാ കലക്ടർമാരുമായി നിരന്തരം ബന്ധപ്പെട്ട് അപ്പപ്പോൾ ഉണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ നടപടിയെടുക്കും. അതോറിറ്റിയുടെ വാഹനങ്ങൾ ‘കോവിഡ്- 19 അർജന്റ് കെഡബ്ല്യുഎ’ എന്ന സ്റ്റിക്കർ പതിപ്പിച്ചായിരിക്കും സഞ്ചരിക്കുന്നത്.
ഓഫിസിൽ അത്യാവശ്യ ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്നു നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ജല ശുദ്ധീകരണ ശാലകൾ, പമ്പ് ഹൗസുകൾ എന്നിവയുടെ പ്രവർത്തനം മുടക്കമില്ലാതെ നടക്കും. ജല ശുദ്ധീകരണത്തിന് ആവശ്യമായ കെമിക്കലുകൾ ഇപ്പോൾ ശേഖരത്തിൽ ആവശ്യത്തിനുണ്ട്. ജോലിക്കെത്തുന്നവർക്ക് മാസ്ക്, സാനിറ്റെെസർ, ഹാൻഡ് വാഷ് എന്നിവ വാങ്ങി നൽകും.

ലോക്ക് ഡൗൺ നിബന്ധനകൾക്കു വിധേയമായി അടിയന്തര അറ്റകുറ്റപ്പണികളും നടക്കും. അറ്റകുറ്റപ്പണികൾക്കായി ഡിവിഷൻ തലത്തിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കും.

ജില്ലാ ഭരണകൂടവുമായി ചേർന്ന് അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ എമർജൻസി ഓപ്പറേഷൻ സെൽ വഴി കുടിവെള്ളം ക്യാനുകളിൽ ആവശ്യക്കാർക്ക് സൗജന്യമായി എത്തിച്ചു നൽകാനും തീരുമാനിച്ചു.