മോഹനന്‍ വൈദ്യര്‍ വിയ്യൂര്‍ ജയിലില്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ വൈറസിനായി വ്യാജചികിത്സ നടത്തിയ കേസില്‍ അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ വിയ്യൂര്‍ ജയിലില്‍ നിരീക്ഷണത്തില്‍. തൃശൂര്‍ പട്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കില്‍ പരിശോധനയ്ക്കിടെയാണ് മോഹനന്‍ വൈദ്യര്‍ അറസ്റ്റിലായത്.
മോഹനന്‍ വൈദ്യര്‍ക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക് മാറ്റിയിരുന്നു. ചികില്‍സിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. രണ്ട് വനിത ആയുര്‍വേദ ഡോക്ടര്‍മാരെക്കൊണ്ട് മരുന്നു കുറിപ്പടി എഴുതിയായിരുന്നു നിയമം മറികടന്നത്. ചികില്‍സ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേർ പട്ടിക്കാട് എത്തിയിരുന്നു. രോഗികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.