മാധ്യമപ്രവർത്തകന്റെ കൊലപാതകം; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു.
തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതി നോട്ടീസയച്ചിട്ടും നേരത്തെ രണ്ടു തവണ ഹാജരാകാത്തതിനാല്‍ ഇന്ന് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേള്‍പ്പിക്കാനായിരുന്നില്ല. കേസ് ഇനി വിചാരണ നടപടികൾക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റും.

കേസില്‍ രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ നേരത്തെ ജാമ്യം എടുത്തിരുന്നു. 50000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്‍മേലും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് വഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.

2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചായിരുന്നു ബഷീറിന്റെ മരണം. റോഡില്‍ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ ശ്രീറാം സര്‍വേ ഡയറക്ടറായിരുന്നു. പിന്നീട് വകുപ്പില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ഇയാളെ ആരോഗ്യവകുപ്പില്‍ തിരിച്ചെടുത്തിരുന്നു.