ഉത്ര വധക്കേസ്; പ്രാഥമിക വാദം കേൾക്കാനായി ഒക്ടോബർ 14 ലേക്ക് മാറ്റി

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസ് പരിഗണനയ്ക്ക് എടുത്ത കോടതി പ്രാഥമിക വാദം കേൾക്കാനായി ഒക്ടോബർ 14 ലേക്ക് മാറ്റി. കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദം കേൾക്കലാണ് 14ന് ഉണ്ടാവുക. പ്രാരംഭ വാദത്തിന് ശേഷം വിചാരണ തീയതി നിശ്ചയിക്കും. കൊല്ലം ആറാം നമ്പർ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മോഹൻരാജ് ഹാജരായി.

സർട്ടിഫൈഡ് രേഖകളിൽ ചിലതുകൂടി ലഭിക്കാനുണ്ടെന്നും അത് ലഭിച്ചാൽ പ്രതി സൂരജിന്റെ കുടുംബാംഗങ്ങൾക്ക് എതിരായ ഗാർഹിക പീഡന കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അശോകൻ അറിയിച്ചു. ആയിരത്തിലേറെ പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ഇതിൽ ഉത്രയുടെ ആന്തരീക പരിശോധന ഫലങ്ങളും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും, പാമ്പിൻെറ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും, പാമ്പുപിടുത്ത വിദഗ്ദരുടെ നിഗമനങ്ങളും ഉൾപ്പെടുന്നുണ്ട്.

വധക്കേസിന്റെ വിചാരണ ആരംഭിച്ചതിനു ശേഷം മാത്രമേ ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം സമർപ്പിക്കുകയുള്ളു. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പെടുത്ത രണ്ടു കേസുകളുടെയും കുറ്റപത്രം തയാറാക്കി വരികയാണ്.
കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിനെ കൊട്ടാരക്കര ജയിലിൽ നിന്നു വിഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയത്. വധക്കേസിൽ സൂരജ് മാത്രമാണ് പ്രതി.

രണ്ടാം പ്രതിയും പാമ്പ് പിടിത്തക്കാരനുമായ സുരേഷിനെ കോടതി മാപ്പ് സാക്ഷിയാക്കിയിരുന്നു. ഗാർഹിക പീഡനക്കേസിൽ സൂരജിനെ കൂടാതെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക സഹോദരി സൂര്യ എന്നിവരും പ്രതികളാണ്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് സൂരജ് ഒഴികെ മറ്റു മുന്നു പേരും ജയിൽ മോചിതരായിരുന്നു.