കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്ന് 2.3 കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 2.3 കിലോ സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടികൂടിയത്. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്.

തലശ്ശേരി സ്വദേശിനി ജസീല(27)യിൽ നിന്ന് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1.64 കിലോ സ്വർണ മിശ്രിതവും കൊടുവള്ളി സ്വദേശി മുഹമ്മദ് അസീബിന്റെ ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 660 ഗ്രാം സ്വർണവുമുണ്ടായിരുന്നു. ഷാർജയിൽ നിന്ന് എത്തിയ എയർ അറേബ്യ വിമാനത്തിലാണ് ഇവരെത്തിയത്.

ഗ്രീൻ ചാനൽ വഴി പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് ഡിവിഷൻ ഡെപ്യൂട്ടി കമീഷണർ ടി എ കിരൺ, സൂപ്രണ്ട് പ്രവീൺകുമാർ, ഇൻസ്‌പെക്ടർമാരായ ഇ മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഡി സജിൻ, ഹെഡ് ഹവിൽദാർ എം സന്തോഷ്‌കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.