ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ചൊവ്വാഴ്ച ഹാജരാകാനാണ് ഇ ഡി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ബംഗലൂരു മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്ത മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

കര്‍ണാടകയിലെ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയതായി അനൂപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പണമിടപാടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗലൂരു യൂണിറ്റ് ബിനീഷിനെ വിളിപ്പിച്ചത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഹവാല ഇടപാട് അടക്കമുള്ള സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായാണ് എന്‍സിബിക്ക് പുറമേ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചിയില്‍ വെച്ച് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.