കൊച്ചി: മന്ത്രി ജലീലിന് കുരുക്ക് മുറുകുന്നു.നയതന്ത്ര ചാനൽ വഴി മതഗ്രന്ഥങ്ങൾ കേരളത്തിൽ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസ് മന്ത്രിക്കെതിരേ കേസെടുത്തതോടെ അന്വേഷണം കൂടുതൽ വിപുലമാകുമെന്നാണ് സൂചന. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്ത സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്നതിനാലാണ് കസ്റ്റംസ് മന്ത്രിക്കെതിരേ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് താമസിയാതെ മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യും.
നയതന്ത്ര ചാനലിലൂടെ കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്തതിൽ നിയമലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യം അന്വേഷിക്കുന്നതിന് കസ്റ്റംസ് സ്പെഷ്യൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
മതഗ്രന്ഥങ്ങൾ കൂടെ 17,000 കിലോ ഗ്രാം ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതും അന്വേഷിക്കും. ഇത്രയധികം ഈന്തപ്പഴം കൊണ്ടുവന്നത് എന്തിനെന്നതാണ് കസ്റ്റംസ് അന്വേഷിക്കുക. ഡിപ്ലോമാറ്റുകളുടെ ആവശ്യത്തിനും ഉപയോഗത്തിനും വേണ്ടിയാണ് നയതന്ത്ര ചാനൽ ഉപയോഗിക്കുന്നത്. ഇതിലൂടെ ഡിപ്ലോമാറ്റുകൾക്ക് ആവശ്യമായ സാധനങ്ങൾ സ്വന്തം രാജ്യത്ത് നിന്ന് ഇറക്കാനുള്ള അനുമതി മാത്രമാണ് ഉള്ളത്. അതേ സമയം ഇതിൻ്റെ മറവിൽ മതഗ്രന്ഥങ്ങൾ കേരളത്തിലെത്തിച്ച് വിതരണം ചെയ്തത് ഗുരുതരമായ ചട്ടലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിരുവനന്തപുരം എയർപോർട്ട് വഴി വന്ന സാധനങ്ങൾ വട്ടിയൂർക്കാവ് സി ആപ്റ്റിൽ കൊണ്ടുവന്ന ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോയത് നേരത്തേ തന്നെ ഏറെ ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. സി ആപ്റ്റിൽ നിന്നും ഇവ കൊണ്ടു പോയതും രഹസ്യമായാണെന്നത് സംശയത്തിനിട നൽകിയിരുന്നു. കൊണ്ടുവന്ന മതഗ്രന്ഥങ്ങളിൽ കുറച്ച് വിതരണം ചെയ്തിരുന്നില്ലെന്ന് മന്ത്രി ജലീൽ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം കസ്റ്റംസ് വിശദമായി പരിശോധിക്കുമെന്നാണ് സൂചന.