മന്ത്രി ജലീലിന് ക്ലീൻ ചിറ്റില്ല ; അന്വേഷണ പരിധിയിൽ തന്നെ; വീണ്ടും ചോദ്യം ചെയ്യും; വ്യക്തത വരുത്തി എൻഫോഴ്സ്മെൻ്റ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന മട്ടിൽ വരുന്ന വാർത്തകളെ നിഷേധിച്ചു കൊണ്ടാണ് ഇഡി മേധാവി ഇക്കാര്യം അറിയിച്ചത്. മന്ത്രിക്കെതിരായ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ലെന്നു മാത്രമല്ല, അദ്ദേഹം അന്വേഷണ പരിധിയിലാണെന്നും ഇഡി വ്യക്തമാക്കി. നിലവിൽ മന്ത്രിയിൽനിന്നു ലഭിച്ച മൊഴി വിലയിരുത്തിയ ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുക.

ജലീലിന് ക്ലീൻ ചിറ്റില്ലെന്ന് എൻഫോഴ്സ്മെൻ്റ് മേധാവി എസ് കെ മിശ്രയാണ് വ്യക്തമാക്കിയത്. പ്രോട്ടോക്കോൾ ലംഘിച്ചെന്നതടക്കമുളള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും ഇ ഡി അറിയിച്ചു. മന്ത്രി ഇ.പി. ജയരാജന്റെ മകനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ അന്വേഷണ സംഘങ്ങൾ ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ഇഡി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

അതേസമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ജലീലിൻ്റെ മൊഴി എൻഫോഴ്സ്മെൻ്റ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ദില്ലിയിൽ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയിൽ തീരുമാനമെടുക്കും.

വ്യാഴാഴ്ച രാത്രി 7.30നാണ് ജലീൽ എൻഫോഴ്സ്മെന്റ് ഓഫീസിൽ ആദ്യം എത്തിയത്. 11 മണി വരെ ഓഫീസിൽ തുടർന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. യുഎഇയിൽ നിന്ന് ഖുർആൻ എത്തിച്ചതടക്കമുള്ള കാര്യങ്ങൾ വ്യാഴാഴ്ച ജലീൽ എൻഫോഴ്സ്മെന്റിന് വിശദീകരണ കുറിപ്പ് എഴുതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തതെന്നാണ് വിവരം.