തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദത്തിന്റെ പ്രഭാവത്താല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
ആന്ധ്രപ്രദേശ് തീരത്തിനടുത്തായി മധ്യപടിഞ്ഞാറന്‍ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദം അടുത്ത നാല് ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും പിന്നീട് ദുര്‍ബലമാകുമെന്നുമാണ് വിലയിരുത്തല്‍.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളില്‍ ഇന്നും ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കേരളത്തിലും ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കും.
കേരളത്തില്‍ ഇടവിട്ടുള്ള മഴ അടുത്തയാഴ്ച വരെ തുടരും. 19ന് ശേഷം മഴ ശക്തിപ്പെടാനുള്ള സാദ്ധ്യതയുണ്ട്. 20 ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇതു വീണ്ടും സംസ്ഥാനത്ത് മഴ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്. കേരള, കര്‍ണാടക തീരങ്ങ ളിലും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നല്കി.